പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാമതെത്തി എബ്രിഡ് ഷൈന്‍ ംസവിധാനം ചെയ്ത മഹാവീര്യര്‍. രണ്‍ബീര്‍ കപൂര്‍ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്ര, രണ്‍ബീറിന്റെ തന്നെ ഷംഷേര, വിക്രം നായകനാകുന്ന കോബ്ര, ആമീര്‍ ഷാന്‍ നായകനാകുന്ന ലാല്‍ സിംഗ് ഛദ്ദ, അക്ഷയ് കുമാര്‍ ചിത്രം രക്ഷാ ബന്ധന് തുടങ്ങിയ ചിത്രങ്ങളെ പിന്നിലാക്കിയാണ് മഹാവീര്യര്‍ ഐഎംഡിബി ലിസ്റ്റില്‍ ഒന്നാമത് എത്തിയിരിക്കുന്നത്. ലിസ്റ്റില്‍ ഇടംപിടിച്ച മറ്റൊരു മലയാള ചിത്രം മലയന്‍കുഞ്ഞാണ്. പത്താം സ്ഥാനത്താണ് ചിത്രത്തിന്റെ സ്ഥാനം.
എബ്രിഡ് ഷൈന്‍, നിവിന്‍ പോളി, ആസിഫ് അലി കൂട്ടുകെട്ടില്‍ ഒരുങ്ങിയ മഹാവീര്യര്‍ ജൂലൈ 21നാണ് പ്രേക്ഷകരിലേക്കെത്തുന്നത്. പോളി ജൂനിയര്‍ പിക്ചേഴ്സ്, ഇന്ത്യന്‍ മൂവി മേക്കേഴ്സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി. എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നിവിന്‍ പോളിക്കും ആസിഫ് അലിക്കും പുറമേ ലാല്‍, ലാലു അലക്സ്, സിദ്ദിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന് രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത സാഹിത്യകാരന് എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നല്‍കിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.
ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളുമാണ് ചിത്രത്തിലെ മുഖ്യ പ്രമേയം. ഇതോടൊപ്പം നര്‍മ-വൈകാരിക മുഹൂര്‍ത്തങ്ങളും ചിത്രത്തില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്. സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഇഷാന് ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്രസംയോജനം-മനോജ്, ശബ്ദ മിശ്രണം- വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം – അനീസ് നാടോടി, വസ്ത്രാലങ്കാരം- ചന്ദ്രകാന്ത്, മെല്‍വി. ജെ, ചമയം- ലിബിന് മോഹനന്, മുഖ്യ സഹ സംവിധാനം- ബേബി പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍