മാമാങ്കം എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസിംഗ് തിരക്കിലാണ് മമ്മൂട്ടി ഇപ്പോൾ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടു ചെന്നൈയിൽ ആയിരുന്നു താരം എങ്കിൽ തൊട്ടടുത്ത ദിവസം ഇതിന്റെ തെലുങ്കു പതിപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടു ഹൈദരാബാദിൽ ആയിരുന്നു. മുംബൈയില്‍ എത്തിയ മമ്മൂട്ടിയെ ആവേശത്തോടെ സ്വീകരിച്ചിരിക്കുകയാണ് ബിടൗൺ മാധ്യമങ്ങൾ.
ഡെനിം ഷർട്ടും ജീൻസും കൂളിങ് ഗ്ലാസുമായി ബോളിവുഡ് താരങ്ങളെപ്പോലും വെല്ലുന്ന ലുക്കിയായിരുന്നു മമ്മൂട്ടിയുടെ വരവ്. സംവിധായകൻ എം. പത്മകുമാർ, രചയിതാവ് ശങ്കർ രാമകൃഷ്ണൻ, നിര്‍മാതാവ് വേണു കുന്നപ്പിള്ളി, നായിക പ്രാചി തെഹ്ലാൻ എന്നിവർ മമ്മൂട്ടിക്കൊപ്പം മുംബൈയിൽ എത്തിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി മാമാങ്കം ടീം കേരളത്തിനു പുറത്ത് പ്രമോഷനുമായി യാത്രയിലാണ്.
നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മാമാങ്ക ചരിത്രം ആണ് ഈ ചിത്രം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. മാമാങ്കത്തിന് പോകുന്ന ചാവേറുകളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഒരു ചാവേർ ആയി മമ്മൂട്ടി എത്തുമ്പോൾ കളരി പയറ്റും അതുമായി ബന്ധപ്പെട്ട ആയോധന മുറകളുമാണ് ഇതിലെ ആക്ഷൻ രംഗങ്ങളിലും യുദ്ധ രംഗങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദൻ, അനുസിതാര, പ്രാചി ടെഹ്ലൻ, സുദേവ് നായർ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രം 400 റോളം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും