മാതൃദിനത്തില്‍ അമ്മയെക്കുറിച്ചുള്ള കുറിപ്പുമായി നടി മഞ്ജു പത്രോസ്. തന്നെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചാണ് താരം ഫെയ്സ്ബുക്കില്‍ കുറിച്ചത്
മഞ്ജുവിന്റെ കുറിപ്പ് –
എന്റെ റീത്താമ്മ… 18-ാമത്തെ വയസില്‍ കല്യാണം കഴിച്ചു. എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് എന്ന പോലെ ദരിദ്രത്തില്‍ നിന്ന് കൂടുതല്‍ ദരിദ്രത്തിലേക്കാണ് വീണത്. പറഞ്ഞു കേട്ടിട്ടുണ്ട് എന്നെ വയറ്റില്‍ ഉണ്ടായിരുന്നപ്പോള്‍ കഴിക്കാന്‍ പോലും ഇല്ലാതിരുന്ന അവസ്ഥ.
വിശപ്പ് സഹിക്കാതായപ്പോള്‍ എവിടുന്നോ കിട്ടിയ വാഴയ്ക്ക അടുപ്പില്‍ ഇട്ട് ചുട്ടു തിന്നേണ്ടി വന്നത്.. ഒരുങ്ങി നടക്കാന്‍ എന്നും ആഗ്രഹമാണ്, പക്ഷേ അന്നൊന്നും അതിനുള്ള പാങ് എന്റെ പാവം പപ്പക്ക് ഉണ്ടായിരുന്നില്ല. ഈ ബുദ്ധിമുട്ടിനും കഷ്ടപ്പാടിനും ഇടയില്‍ മിഷ്യന് ചവിട്ടിയും പപ്പ കൊണ്ടുകൊടുക്കുന്നതില്‍ നിന്ന് പിശുക്കി മിച്ചം വെച്ചും മുണ്ട് മുറുക്കി ഉടുത്തും രണ്ടു മക്കളെ വളര്‍ത്തി പഠിപ്പിച്ചു കല്യാണം കഴിപ്പിച്ചു.
പാവം ഇപ്പോഴും സ്വതന്ത്ര ആയിട്ടില്ല. ഞങ്ങള്‍ രണ്ടുപേരും (ഞാനും എന്റെ ആങ്ങളയും) കുരുത്തം കെട്ട രണ്ടു പ്രോഡക്ടുകള്‍ കൊടുത്തിട്ടുണ്ട്. ഇപ്പൊ അതുങ്ങളെ നോക്കി ഇരിപ്പാണ്.. ഇനിയുള്ള ഞങ്ങളുടെ ജീവിതം, അധ്വാനം., ഇവര്‍ക്കും കൂടി ആണ്.
ആഗ്രഹങ്ങള്‍.. കൊതികള്.. കാണാത്ത കാഴ്ചകള്‍.. കൊതിയുള്ള ഡ്രസ്സുകള്‍.. എല്ലാം കൊടുക്കണം.. ഇപ്പോള്‍ എന്റെ അമ്മച്ചി ഒരുപാട് സന്തോഷിക്കുന്നുണ്ട്.. അടുത്ത ഒരു ആഗ്രഹം കൂടി ഉണ്ട് അമ്മച്ചിക്ക്.. അതും ഈ വര്‍ഷം സാധിച്ചു കൊടുക്കും.. ഇല്ലെങ്കില്‍ പിന്നെ എന്തിനാണല്ലേ നമ്മള് മക്കള്‍.. ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും നിറഞ്ഞ സ്നേഹം..