ലോഹിതദാസ് എഴുതിയ സല്ലാപം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് മലയാളത്തിലെ ലേഡീ സൂപ്പർസ്റ്റാർ ആയി ഇപ്പോൾ തിളങ്ങി നിൽക്കുന്ന താരമാണ് മഞ്ജുവാരിയർ. മഞ്ജുവിന്റെ അഭിനയം കണ്ട് പ്രേക്ഷകരും സിനിമാപ്രവർത്തകരും ഒരുപോലെ വിസ്മയിച്ചു. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും താരം കരസ്ഥമാക്കി. ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയരംഗത്തു നിന്നും വിട്ടു നിന്ന മഞ്ജു 2014ൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ശക്തമായ ഒരു തിരിച്ചുവരവ് നടത്തി.
പിന്നീടങ്ങോട്ട് നിരവധി കഥാപാത്രങ്ങളെ കൈകാര്യം ചെയ്ത് ഇപ്പോൾ മലയാളികളുടെ പ്രിയ താരമായി മാറിയിരിക്കുകയാണ് മഞ്ജുവാര്യർ. തിരിച്ചുവരവിന് ശേഷം മഞ്ജു വാര്യർ ഏറ്റവും കൂടുതൽ അഭിനയിച്ചത് മോഹൻലാലിന് ഒപ്പമാണ്. ഇത്രയേറെ ചിത്രങ്ങൾ മോഹൻലാലിനൊപ്പം ചെയ്തുവെങ്കിലും മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ഒരു ചിത്രം പോലും മഞ്ജുവാര്യർ ചെയ്തിട്ടില്ല. ഒരു അഭിമുഖത്തിൽ ഈ ചോദ്യം നേരിട്ടപ്പോൾ മഞ്ജുവാര്യർ പറഞ്ഞത് മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ആയി താൻ കാത്തിരിക്കുകയാണെന്നും അതിന് ഏറെ ആഗ്രഹമുണ്ട് എന്നുമാണ്.