സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ലാലേട്ടനും പ്രിയദർശനും വീണ്ടും ഒരുമിക്കുന്നു. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ”മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ സൂപ്പർഹിറ്റ് കോമ്പോ വീണ്ടുമൊന്നിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അൽപസമയം മുൻപാണ് പ്രസ്സ് കോൺഫറൻസിലൂടെ നടത്തിയത്. പ്രിയദർശനും ലാലേട്ടനും ഒരുമിച്ച ഒപ്പം സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറിയിരുന്നു. വീണ്ടും ഒരു ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറുമായി ഇരുവരുമെത്തുമ്പോൾ പ്രേക്ഷകർക്കും ബോക്സ് ഓഫീസിനും അത് ഒരേപോലെ ആഘോഷമാക്കാനുള്ള ഒരു വിരുന്നായിരിക്കുമെന്നുറപ്പ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഡോക്ടർ റോയ്, സന്തോഷ് ടി കുരുവിള എന്നിവർ സഹനിർമാതാക്കളാണ്. കേരളപ്പിറവി ദിനമായ നവംബർ 1ന് ഷൂട്ടിങ്ങ് തുടങ്ങും. മൂന്നുമാസം നീണ്ടു നിൽക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭൂരിഭാഗവും കടലിൽ തന്നെയായിരിക്കും ചിത്രീകരിക്കുക. മലയാള സിനിമയുടെ സാധാരണ ക്യാൻവാസിന് അപ്പുറം പോകുന്ന ചിത്രമായിരിക്കും ഇതെന്നും സംവിധായകൻ പ്രിയദർശൻ പറഞ്ഞു.