താര രാജാവായ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആണ് മരക്കാർ; അറബിക്കടലിന്റെ സിംഹം. മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രോജക്ടാണ് ഈ ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞിരിക്കുകയാണ്. അന്തരിച്ചു പോയ ടി ദാമോദരൻ മാഷ് എഴുതി നൽകിയ പൂർണ്ണമാവാത്ത തിരക്കഥയെ അധികരിച്ചു പ്രിയദർശനും ഐ വി ശശിയുടെ മകൻ ആയ അനി ഐ വി ശശിയും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. അടുത്തവർഷം മാർച്ച് മാസത്തോടെ ചിത്രം റിലീസ് ചെയ്യാനാണ് നീക്കം.
ഇപ്പോൾ ചിത്രത്തിന്റെ സെറ്റിൽ വച്ച് മോഹൻലാൽ തന്നെ മേക്കപ്പ് ചെയ്യുന്ന ഒരു ചിത്രം ബാബുരാജ് പങ്കുവെച്ചിരിക്കുകയാണ്. ഫൈനൽ ടച്ച് ഫ്രം ലാലേട്ടൻ എന്ന ക്യാപ്ഷനോടെയാണ് ബാബുരാജ് ചിത്രം പങ്കു വച്ചിരിക്കുന്നത്. മേക്കപ്പ് മാൻ ആയ പട്ടണം റഷീദും ചിത്രത്തിലുണ്ട്. ഇൗ സെറ്റിൽ നിന്നും മോഹൻലാലും കഴിഞ്ഞദിവസം ഒരു ചിത്രം പങ്കു വച്ചിരുന്നു. പ്രത്യേകതരം കണ്ണാടിയും തൊപ്പിയും വെച്ച് കൊട്ടാര സമാനമായ ഒരു സെറ്റിലായിരുന്നു അന്ന് മോഹൻലാൽ നിന്നിരുന്നത്. എന്നാൽ ചിത്രം പുറത്തുവന്നപ്പോൾ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് ഇത് എന്ന് ആരാധകർ സംശയിച്ചിരുന്നു.