നായകനായും സഹനടനായും വില്ലനായും മലയാളസിനിമയിൽ തന്റേതായ ഒരു സ്ഥാനം പടുത്തുയർത്തിയിരിക്കുന്ന ഉണ്ണി മുകുന്ദൻ മലയാള സിനിമയിലെ തന്നെ ഏറ്റവും സ്റ്റൈലിഷ് ആയിട്ടുള്ള ഒരു വില്ലൻ വേഷവുമായി എത്തുകയാണ്. നിവിൻ പോളി നായകനാകുന്ന ഹനീഫ് അദേനി ചിത്രം മിഖായേലിലാണ് ഉണ്ണി മുകുന്ദൻ മാർക്കോ ജൂനിയർ എന്ന വില്ലൻ കഥാപാത്രവുമായി എത്തുന്നത്. മമ്മൂട്ടിയുടെ വില്ലനായി മാസ്റ്റർപീസിൽ എത്തിയ ഉണ്ണി മുകുന്ദന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. മിഖായേൽ നാളെയാണ് തീയറ്ററുകളിൽ എത്തുന്നത്. തന്റെ റോളിനെ കുറിച്ച് ഉണ്ണി മുകുന്ദൻ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.
“ഞാൻ ആദ്യമായിട്ടല്ല വില്ലനാകുന്നത്. ബാങ്കോക് സമ്മർ, മാസ്റ്റർ പീസ് എന്നീ ചിത്രങ്ങളിൽ ഞാൻ വില്ലനായിരുന്നു. കൂടാതെ വില്ലൻ പരിവേഷമുള്ള ഒരു റോളാണ് തരംഗത്തിലും ചെയ്തത്. എങ്കിലും മാർക്കോ ജൂനിയർ ഒരു തികഞ്ഞൊരു വില്ലനാണ്. കൂടാതെ ഒരു നടൻ എന്ന നിലയിൽ എന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ആയിട്ടുള്ള കഥാപാത്രം കൂടിയാണിത്.”
“നിങ്ങളുടെ സുഹൃത്ത് ആക്കുവാൻ തീരെ ഇഷ്ടപ്പെടില്ലാത്ത ഒരു വ്യക്തിയാണ് മാർക്കോ ജൂനിയർ. അതിൽ കൂടുതലൊന്നും പറയാൻ പറ്റില്ല. മാർക്കോ എങ്ങനെ ആയിരിക്കണം, എന്ത് വസ്ത്രം ധരിക്കണം എന്നുള്ളതിനെ കുറിച്ചെല്ലാം വളരെ കൃത്യമായി തീരുമാനം എടുത്തിരുന്നു.” ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.