സുരാജ് വെഞ്ഞാറമ്മൂടും ഇന്ദ്രജിത്ത് സുകുമാരനും ഒന്നിച്ചെത്തിയ ചിത്രമാണ് പത്താംവളവ്. ജോസഫിന് ജേഷം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം പറയുകയാണ് മെന്റലിസ്റ്റായ നിപിന് നിരവത്ത്.
1993 ല്‍ ആകാശദൂത് കാണുമ്പോള്‍ തന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നുവെന്നും ഇന്ന് 2022 ല്‍ പത്താംവളവ് കണ്ടിറങ്ങുമ്പോള്‍ തന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞുവെന്നും നിപിന് ഫേസ്ബുക്കില്‍ കുറിച്ചു. ഒരു സിനിമ കണ്ട് കരയാന്‍ തോന്നിയാല്‍ അത് നടന്, സംവിധായകന്, സ്ക്രിപ്റ്റ് റൈറ്റര്‍ ഉള്‍പ്പെടെ പരപൂരകമാകുമ്പോള് സംഭവിക്കുന്ന നല്ല നിമിഷങ്ങള്‍ ആണെന്നും ചിത്രം ഗംഭീരമാണെന്നും നിപിന് പറഞ്ഞു.
അതേസമയം, സിനിമ കണ്ട ശേഷമുള്ള നടി പൂര്‍ണിമ ഇന്ദ്രജിത്തിന്റെ പ്രതികരണവും ശ്രദ്ധേയമാകുകയാണ്. നമ്മുടെ ഇമോഷന്‍സ് എല്ലാം രജിസ്റ്റര്‍ ചെയ്ത ഒരു സിനിമ കാണാന്‍ പറ്റിയിട്ട് കുറച്ചു കാലമായെന്നായിരുന്നു പൂര്‍ണിമയുടെ പ്രതികരണം. ഒരു ഫാമിലി സിനിമ എന്നു പറയുമ്പോള്‍ ഫാമിലി ഡൈനാമിക്സ് അതിനകത്ത് വരണം. റിലേഷന്‍ഷിപ്പ് വര്‍ക് ചെയ്യണം. സുരാജേട്ടന്റെയും ഇന്ദ്രന്റെയും മൊമന്റ്സില്‍ പോലും സൈലന്‍സ് വര്‍ക്ക് ചെയ്തിരിക്കുന്ന കുറേ സംഭവങ്ങളുണ്ട്. രണ്ട് അച്ഛന്മാര് തമ്മിലുള്ള ബോണ്ടിങ്ങ് അല്ലെങ്കില്‍ റിലേഷന്‍ഷിപ്പ് അവിടെ ഒക്കെ സൈലന്‍സ് ആണ് വര്‍ക് ചെയ്തിരിക്കുന്നത്. അതിഥിയെയും വളരെയധികം ഇഷ്ടപ്പെട്ടെന്നും ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഫന്റാസ്റ്റിക് വര്‍ക്ക് ആണ് അതിഥി ചെയ്തതെന്നും തിയറ്ററില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ അതിഥിയോട് ഇക്കാര്യം പറഞ്ഞെന്നും പൂര്‍ണിമ പറഞ്ഞു. എല്ലാവരും ഈ സിനിമ കാണണമെന്നും അത്രയ്ക്കും ബ്യൂട്ടിഫുള്‍ ആയ സിനിമയാണ് ഇതെന്നും പൂര്‍ണിമ പറഞ്ഞു.
ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ എസ്.ഐ സേതുവായാണ് ഇന്ദ്രജിത്ത് എത്തുന്നത്. കുറ്റവാളി സോളമനായി സുരാജ് വെഞ്ഞാറമ്മൂടും എത്തുന്നു. അദിതി രവി, അജ്മല്‍ അമീര്‍, സുധീര്‍ കരമന, ജയകൃഷ്ണന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.