സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച സിദ്ധിഖ് ലാലേട്ടനെ നായകനാക്കി ലേഡീസ് ആൻഡ് ജന്റിൽമാന് ശേഷം ഒരുക്കുന്ന ബിഗ് ബ്രദറിന് തുടക്കം കുറിച്ചു. ഫേസ്ബുക്ക് പേജിലൂടെ ലാലേട്ടൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. “എന്റെ പുതിയ ചിത്രം ബിഗ് ബ്രദറിന്റെ ചിത്രീകരണം ഇന്നാരംഭിച്ചു. ഗുരുപൂർണിമ ദിനത്തിന്റെ നിറവിൽ നിൽക്കുന്ന ഇന്ന് തന്നെ അതിന് സാധിച്ചത് മികച്ചൊരു തുടക്കം തന്നെയാണ്.” ലാലേട്ടൻ ഫേസ്ബുക്കിൽ കുറിച്ചു.
ചിത്രത്തിൽ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ സഹോദരന്മാരായി രണ്ട് പേരാണ് അഭിനയിക്കുന്നത്. അനൂപ് മേനോനും ജൂണിലെ ഒരു നായകൻ സർജാനോ ഖാലീദുമാണ് ചിത്രത്തിൽ മോഹൻലാലിന്റെ സഹോദരങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാൻ വേദാന്തം ഐപിഎസ് എന്ന കഥാപാത്രമായി ബിഗ് ബ്രദറിലൂടെ തെന്നിന്ത്യൻ സിനിമ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
റെജിന കസാന്ഡ്രയാണ് ചിത്രത്തിലെ നായിക. റെജിനയെ കൂടാതെ 2 നായികമാർ കൂടി ഉണ്ടാകും എന്നാണ് സംവിധായകൻ സിദ്ദിഖ് പറയുന്നത്. ഇതിൽ ഒരാൾ വിജയ് ആന്റണി നായകനായ പിച്ചൈക്കാരൻ എന്ന ചിത്രത്തിലെ നായിക സത്നാ ടൈറ്റസ് ആയിരിക്കും. മൂന്നാമത്തെ നായിക പുതുമുഖമാണ്. ചിത്രത്തിൽ ഇവരെ കൂടാതെ ഇന്നസെന്റ്, ജനാര്ദ്ദനന്, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, കെ പി എ സി ലളിത, മുകേഷ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ചിത്രം നിർമ്മിക്കുന്നത് വൈശാഖ് രാജന്റെ വൈശാഖ സിനിമയും സിദ്ദിക്കിന്റെ എസ് ടാക്കീസും ചേര്ന്നാണ്.