രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തിന് നടന് മോഹൻലാലിന്റെ നേതൃത്വത്തിൽ ഉള്ള വിശ്വശാന്തി ഫൗണ്ടേഷൻ വീട് നിർമിച്ച് നൽകും.ഫൗണ്ടേഷന്റെ പ്രതിനിധിയായി സംവിധായകൻ മേജർ രവി ഇന്ന് ലിനുവിന്റെ വീട്ടിൽ എത്തിയിരുന്നു. ഇവിടെ വെച്ചാണ് സഹായം വാഗ്ദാനം ചെയ്തത്.അടിയന്തര സഹായമായി 10 ലക്ഷം രൂപയും നൽകി.ഇതിനിടെ അമ്മയ്ക്ക് സ്വന്തനമായി മോഹൻലാൽ കത്തെഴുതി.
മോഹൻലാലിന്റെ കത്തിന്റെ പൂർണ രൂപം :
പ്രിയപ്പെട്ട അമ്മയ്ക്ക് ‘അമ്മ ക്യാംപിലായിരുന്നു എന്ന് അറിയാം. ക്യാംപിലേയ്ക്ക് അമ്മയ്ക്ക് കൂട്ടായി വന്ന മകൻ ഇന്ന് അമ്മയുടെ കൂടെ ഇല്ലെന്നുമറിയാം. ആ മകൻ യാത്രയായത് മൂന്നരക്കോടി ജനങ്ങളുടെ ഹൃദയത്തിലേക്കാണ്. മറ്റൊരാൾക്ക് വേണ്ടി ജീവിക്കാൻ വലിയ വലിയ മനസ് വേണം. മറ്റുള്ളവർക്ക് വേണ്ടി ജീവൻ നൽകാൻ വലിയ മനസും ധീരതയും വേണം. ധീരനായിരുന്നു അമ്മയുടെ മകൻ. ഞാൻ ഉൾപ്പെടുന്ന ഈ സമൂഹത്തിനു വേണ്ടിയാണ് അമ്മയുടെ മകൻ അമ്മയെ വിട്ടു പോയത്. വാക്കുകൾ കൊണ്ട് അമ്മയെ ആശ്വസിപ്പിക്കാൻ കഴിയില്ല എന്ന് എനിക്കറിയാം. ഇതുപോലെ ഒരു മകനെ സമൂഹത്തിനു നൽകിയതിന് മറ്റൊരു മകൻ എഴുതുന്ന സ്നേഹവാക്കുകൾ ആയി ഇതിനെ കരുതണം…
സ്നേഹത്തോടെ പ്രാർത്ഥനയോടെ അമ്മയുടെ മോഹൻലാൽ…