മലയാളം കണ്ട എക്കാലത്തേയും മാസ്സ് & ക്ലാസ് ചിത്രമായ സ്ഫടികം ഒരുക്കിയ സംവിധായകൻ ഭദ്രനും നായകൻ മോഹൻലാലും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തകൾ ആരാധകരെ തെല്ലൊന്നുമല്ല ആവേശം കൊള്ളിച്ചിരിക്കുന്നത്. പുതിയ ചിത്രത്തിൽ ലാലേട്ടൻ വീണ്ടും ലോറി ഡ്രൈവറായി എത്തുന്നുവെന്നാണ് സംവിധായകൻ വെളിപ്പെടുത്തിയിരിക്കുന്നത്.
അടുത്തിടെ ഒരു ചാനൽ അഭിമുഖത്തിലാണ് സംവിധായകൻ ഭദ്രൻ വരാൻ പോകുന്ന മോഹൻലാൽ ചിത്രത്തെ കുറിച്ചുള്ള സൂചന നൽകിയത്. തന്റെ അടുത്ത മോഹൻലാൽ ചിത്രത്തിൽ അദ്ദേഹം ഒരു ലോറി ഡ്രൈവർ ആയാണ് അഭിനയിക്കുന്നത് എന്നും, ഇന്ത്യ മുഴുവൻ കറങ്ങി നടക്കുന്ന, ഇന്ത്യയിലെ എല്ലാ ഭാഷയും സംസാരിക്കുന്ന ഒരു പ്രത്യേക തരം കഥാപാത്രം ആണ് അതെന്നും ഭദ്രൻ വിശദീകരിക്കുന്നു. അൻപത്തിയേഴു വയസുള്ള ഒരു കഥാപാത്രം ആണ് അതെന്നും വളരെ വ്യത്യസ്തമായ രീതിയിൽ ഉള്ള ഒരു കഥയും കഥാപാത്രവുമാണ് ആ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുക എന്നും ഭദ്രൻ പറയുന്നു.
സൗബിൻ ഷാഹിർ നായകനായി എത്തുന്ന ജൂതൻ എന്ന ഒരു ചിത്രം പ്രഖ്യാപിച്ചിട്ടുള്ള ഭദ്രൻ, ആ ചിത്രം തീർത്തതിന് ശേഷം ആയിരിക്കും മോഹൻലാൽ ചിത്രം ആരംഭിക്കുക. അങ്കിൾ ബൺ, സ്ഫടികം, ഒളിമ്പ്യൻ ആന്റണി ആദം, ഉടയോൻ തുടങ്ങിയ ചിത്രങ്ങൾ ആണ് ഭദ്രൻ മോഹൻലാലിനെ നായകനാക്കി ഒരുക്കിയിട്ടുള്ളത്. എം പദ്മകുമാർ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ശിക്കാർ, ഇൻഡസ്ട്രി ഹിറ്റായി മാറിയ പുലി മുരുകൻ എന്നിവയിലും ലോറി ഡ്രൈവർ ആയി മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്.