Friday, April 10

മുന്നിൽ നിൽക്കും ഈ പ്രകടനം | മൂത്തോൻ റിവ്യൂ

Google+ Pinterest LinkedIn Tumblr +

ലക്ഷദ്വീപും മുംബൈയും എന്നും മലയാളി സിനിമ പ്രേമികളുടെ ഇഷ്ട സ്ഥലങ്ങളാണ്. പ്രണയം തുടിക്കുന്ന ലക്ഷദ്വീപിന്റെ തീരങ്ങളും ചോര മണക്കുന്ന മുംബൈ തെരുവുകളും മലയാളിക്ക് പരിചിതമാണ്. ഇതിനോട് ഒത്തു ചേർന്ന്, ഒരു പക്ഷേ അതിനും അപ്പുറത്ത് ഉള്ളൊരു കഥ പറച്ചിലാണ് ഗീതു മോഹൻദാസ് – നിവിൻ പോളി കൂട്ടുകെട്ടിൽ എത്തിയ മൂത്തോൻ. ബന്ധങ്ങളും ബന്ധനങ്ങളും ചർച്ച ചെയ്യപ്പെടുന്ന ചിത്രം നിവിൻ പോളിയുടെ തന്നെ കരിയറിലെ മികവാർന്ന പ്രകടനങ്ങളിൽ ഒന്നാണ്. ടൊറന്റോ, മാമി ഫിലിം ഫെസ്റ്റിവലുകളിൽ നിരൂപകരെ പോലും അത്ഭുതപ്പെടുത്തിയ ചിത്രം ഇപ്പോൾ മലയാളി പ്രേക്ഷകരെയും ഞെട്ടിച്ചിരിക്കുകയാണ്.

ലക്ഷദ്വീപിലെ തീരത്ത് നിന്ന് അക്കരെയുള്ള അവർ കാണാൻ കൊതിക്കുന്ന അവരുടെ സ്വപ്നങ്ങളിലെ നാടിനെ നോക്കിക്കാണുന്ന ഒരു കൂട്ടം കുട്ടികളിൽ കാട്ടിത്തന്നുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. അവരിൽ ഒരാളായ മുല്ലക്ക് മുംബൈയിലേക്ക് പോകാനാണ് ആഗ്രഹം. അതിനൊരു കാരണവും അവനുണ്ട്. അവന്റെ മൂത്തോൻ അഥവാ ജ്യേഷ്ഠൻ അവിടെയാണ്. മുംബൈയിലേക്ക് പോകാനുള്ള മുല്ലയുടെ ആഗ്രഹം സഫലമായെങ്കിലും പിന്നീട് നടന്നത് ഒന്നും ആ കൗമാരക്കാരനെ സംബന്ധിച്ചിടത്തോളം അത്ര നല്ലതല്ലായിരുന്നു. മുബൈയിലെ വേശ്യാതെരുവായ കാമാത്തിപുരയിൽ എത്തിച്ചേർന്ന മുല്ല അവിടെ വെച്ച് ലൈംഗികത്തൊഴിലാളിയായ റോസിയെ പരിചയപ്പെടുന്നു. അതിനിടയിൽ ഭായിയും സലിമും ചേർന്ന് മുല്ലയെ തട്ടിക്കൊണ്ടു പോകുന്നു. അതിനിടയിലേക്ക് ആമിർ കൂടി എത്തുമ്പോഴാണ് അക്‌ബർ എങ്ങനെയാണ് ഭായിയായി തീർന്നതെന്ന് പ്രേക്ഷകർക്ക് മുന്നിലേക്ക് അവതരിക്കപ്പെടുന്നത്. പിന്നീട് നടക്കുന്ന ഒരു സ്വയം തിരിച്ചറിവാണ് മൂത്തോന്റെ ഇതിവൃത്തം.

പക്ഷേ അതിലും ഏറെ മുന്നോട്ട് കടന്നാണ് ചിത്രത്തിന്റെ കഥാഗതി. ലാളിത്യത്തിന്റെ ഭംഗി കൊണ്ട് അത്ഭുതപ്പെടുത്തുന്നതോടൊപ്പം പച്ചയായ ജീവിതത്തിന്റെ കാഠിന്യം കൊണ്ട് പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്യുന്നുണ്ട് മൂത്തോനും സംവിധായിക ഗീതു മോഹൻദാസും. മുംബൈയുടെ പ്രേക്ഷകർ കണ്ടിട്ടുള്ള ഉൾതലങ്ങളിലേക്ക് ചിത്രം നമ്മളെ കൊണ്ടു പോകുന്നുണ്ട്. അതിനേറെ സഹായകരമായിട്ടുള്ളത് നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് പ്രകടനം തന്നെയാണ്. സേഫ് സോണിൽ മാത്രം നിൽക്കുന്നുവെന്ന പരാതികൾക്ക് നിവിൻ നൽകിയിരിക്കുന്ന ശക്തമായ മറുപടിയാണ് ഭായി എന്ന കഥാപാത്രം. രണ്ടു ഗെറ്റപ്പുകളിൽ എത്തുന്ന നിവിൻ രണ്ടിനേയും ഗംഭീരമാക്കിയിട്ടുണ്ട്. സഞ്ജന ദിപുവും റോഷൻ മാത്യുവുമാണ് കൈയ്യടി നേടുന്ന മറ്റ് രണ്ട് പേർ. കഥാഗതിയെ മനോഹരമായി ഒതുക്കത്തോടെ കൊണ്ടു പോകുവാൻ ഇരുവർക്കും സാധിച്ചു. ശോഭിത, ശശാങ്ക് അറോറ എന്നിവരും അവരുടെ റോളുകൾ മികച്ചതാക്കുന്നതിൽ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.

വൺലൈൻ സ്റ്റോറി എന്നതിനേക്കാൾ ട്വിസ്റ്റുകളും മികച്ച പ്രകടനത്തിനുള്ള വാതായനങ്ങളും തുറന്നിട്ട ഗംഭീര തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. സംവിധായിക ഗീതു മോഹൻദാസും അനുരാഗ് കശ്യപും ചേർന്നാണ് ആ മേഖല മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നത്. രാജീവ് രവി നിർവഹിച്ച ഛായാഗ്രഹണത്തിനോടൊപ്പം സ്നേഹ ഖൻവൽക്കരുടെ സംഗീതവും അജിത് കുമാറിന്റെ എഡിറ്റിങ്ങും മൂത്തോനെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. ഒരു പക്കാ ത്രില്ലർ പ്രതീക്ഷിക്കുന്നവർക്ക് ഒരു പക്ഷേ മൂത്തോൻ അത്ര രസിച്ചില്ലെങ്കിലും മികച്ച പ്രകടനങ്ങളും മികവാർന്ന മേക്കിങ്ങും പ്രതീക്ഷിക്കുന്നവർക്ക് തീർച്ചയായും മൂത്തോൻ ഒരു വിരുന്നാണ്.

“Lucifer”
Loading...
Share.

About Author

Comments are closed.