ലക്ഷദ്വീപ് ഭാഷയുടെ റിയലിസ്റ്റിക് അവതരണവുമായി ഗീതു മോഹൻദാസ് ഒരുക്കുന്ന മൂത്തോൻ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ട്രെയ്ലർ പുറത്തിറക്കിയത് തമിഴ് സൂപ്പർതാരം ധനുഷും ബോളിവുഡ് താരം വിക്കി കൗശലും നിവിൻ പോളിയും ചേർന്നാണ്. നിവിൻ പോളി, ശശാങ്ക് അറോറ, ശോഭിത ദുലിപാല, റോഷൻ മാത്യു, ദിലീഷ് പോത്തൻ, ഹരീഷ് ഖന്ന, സുജിത് ശങ്കർ, മെലിസ്സ രാജു തോമസ് എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ഗീതു മോഹൻദാസ് തന്നെയാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. ചിത്രത്തിലെ ഹിന്ദി ഡയലോഗുകൾ തയ്യാറാക്കിയിരിക്കുന്നത് അനുരാഗ് കശ്യപാണ്.
‘മൂത്തോൻ’ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലില്‍ പ്രദർശിപ്പിക്കുകയുണ്ടായി. സ്പെഷ്യല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ഈ ചിത്രം പ്രദർശിപ്പിച്ചത്. ചിത്രത്തിന് ടോറോന്റോയിൽ നിന്ന് അതിഗംഭീര റിപ്പോർട്ടുകളാണ് ലഭിച്ചത്. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഒരു വലിയ ബ്രെക്ക് ആയി മാറും മൂത്തോൻ എന്ന് ചിത്രം കണ്ടവർ ഒന്നടങ്കം പറയുന്നു.
ഗീതു മോഹൻദാസിന്റെ മാസ്റ്റർക്രാഫ്റ്റ് കഥ പറച്ചിലാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. തലമുടി പറ്റെ വെട്ടി കലിപ്പ് ലുക്കിലെത്തുന്ന നിവിൻ പോളി തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. തന്റെ മൂത്ത ജ്യേഷ്ഠനെ അന്വേഷിച്ച് പോകുന്ന ലക്ഷദ്വീപ് സ്വദേശിയായ ഒരു പതിനൊന്നുകാരൻ പയ്യന്റെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.