നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ പീഡന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് അമ്മ മായ ബാബു. വിജയ് ബാബുവിനെതിരായ പരാതി വ്യാജമാണെന്ന് മായ ബാബു കത്തില്‍ പറയുന്നു. പരാതിക്ക് പിന്നില്‍ എറണാകുളത്തെ ഒരു സംഘം സിനിമാക്കാരാണ്. ഇവരുടെ ഗൂഢാലോചനയുടെ ഭാഗമായാണ് നടി പരാതി തയ്യാറാക്കിയതെന്നും അമ്മ കത്തില്‍ പറയുന്നു.
സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കിയില്ലെന്ന വിരോധത്തിലാണ് നടി പൊലീസില്‍ പരാതി നല്‍കിയത്. കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുക ലക്ഷ്യമിട്ട് നല്കിയ പരാതിയെക്കുറിച്ച് അന്വേഷണം നടത്തണം. തന്റെ അന്വേഷണത്തിലും വിശ്വാസയോഗ്യമായ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് നടി വ്യാജപരാതിയാണ് നല്‍കിയതെന്ന് വ്യക്തമായത്. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും വിജയ് ബാബുവിന്റെ അമ്മ പറഞ്ഞു.
കഴിഞ്ഞ മാസം 22നാണ് യുവ നടി വിജയ് ബാബുവിനെതിരെ സൗത്ത് പൊലീസില്‍ പരാതി നല്‍കിയത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിവിധയിടങ്ങളില്‍വച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു. ഇതിന് തൊട്ടുപിന്നാലെ നടിയുടെ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്തി വിജയ് ബാബു ഫേസ്ബുക്ക് ലൈവിലെത്തി. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും പൊലീസ് രജിസ്റ്റര്‍ ചെയ്തു. കുരുക്ക് മുറുകിയതോടെ വിജയ് ബാബു ദുബായിലേക്ക് കടന്നു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.