ബിടെക്, സൈറാബാനു തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ സുപരിചിതയായ താരമാണ് നിരഞ്ജന അനൂപ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. യാത്രകളെ ഇഷ്ട്ടപെടുന്ന താരം തന്റെ ഇപ്പോഴത്തെ ആഗ്രഹത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്. തഞ്ചാവൂരിൽ പോകണമെന്നും നാഡി ശാസ്ത്രത്തിൽ കൂടി തന്റെ ഭാവി അറിയണം എന്നുമാണ് ആഗ്രഹം എന്നും നിരഞ്ജന പറയുന്നു.
ഒരുപാട് യാത്രകൾ ഒന്നും ഞാൻ നടത്തിയിട്ടില്ല. നടത്തിയ യാത്രകൾ എല്ലാം കുടുംബത്തിനൊപ്പം ആയിരുന്നു. ഒറ്റയ്ക്ക് യാത്രയൊക്കെ പോകണമെന്ന് എനിക്ക് ആഗ്രഹം ഉണ്ട്. പക്ഷെ ഇത് വരെ അതിനു കഴിഞ്ഞില്ല. അങ്ങനെ ഒറ്റയ്ക്ക് പോകാൻ ആയാൽ ആദ്യം പോവുക തഞ്ചാവൂരിലേക്കായിരിക്കും. ദിലീപേട്ടന്റെ സിനിമയായ ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രം കണ്ടതിനു ശേഷമാണ് ആ സ്ഥലത്തിനോട് ഇഷ്ടം കൂടിയത്. അതിൽ നാഡി ശാസ്ത്രം നോക്കുന്ന ഒരു രംഗം ഉണ്ട്. അത് കണ്ടതിനു ശേഷം അവിടെ ചെന്ന് എനിക്ക് നാടി ശാസ്ത്രം നോക്കണം എന്ന് ആഗ്രഹം ഉണ്ടായത്. അവിടേക്ക് എന്ന് പോകാൻ കഴിയും എന്നൊന്നും അറിയില്ല. എങ്കിലും പോകണം എന്നാണ് ആഗ്രഹം.
ഒറ്റയ്ക്ക് യാത്ര പോകണമെന്ന് ആഗ്രഹം ഉള്ളത് കൊണ്ട് തന്നെ ഡൽഹിയിലേക്ക് പോകാൻ ഇരിക്കുകയായിരുന്നു. അവിടെ എന്റെ കുറച്ച് ബന്ധുക്കളും ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ വീട്ടുകാർക്കും സമ്മതം ആയിരുന്നു. അങ്ങനെ യാത്രയ്ക്ക് തയ്യാറെടുത്ത് നിന്നപ്പോൾ ആണ് കൊറോണ വൈറസ് വില്ലനായി വന്നത്. അങ്ങനെ കൊറോണ കാരണം ആ യാത്ര മാറ്റി വെയ്ക്കുകയായിരുന്നു. ഞാൻ പോകണമെന്ന് ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ എല്ലാം എന്നെ കൊണ്ട് പോകുന്നത് പുസ്തകങ്ങളും വായനയും ആണ്. ഓരോ സ്ഥലത്തെയും എനിക്ക് പരിചയപ്പെടുത്തുന്നത് പുസ്തകങ്ങളും ചിത്രങ്ങളും ആണ്.