ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധായകനാകുന്ന ചിത്രം ലൗ ആക്ഷൻ ഡ്രാമ ഈ ഓണത്തിന് തീയറ്ററുകളിൽ എത്തുവാൻ ഒരുങ്ങുകയാണ്. നിവിൻ പോളി നായകനാകുന്ന ഈ ചിത്രത്തിലൂടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും മലയാളത്തിലേക്ക് ഒരു തിരിച്ചു വരവ് നടത്തുകയാണ്. മലർവാടി ആർട്സ് ക്ലബിലൂടെ സിനിമ രംഗത്തേക്ക് കടന്ന് വന്ന പലരും ഈ ചിത്രത്തിലൂടെ വീണ്ടുമൊന്നിക്കുന്നു. മലർവാടിയുടെ സാരഥിയും ധ്യാനിന്റെ ജ്യേഷ്ഠനുമായ വിനീത് ശ്രീനിവാസനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും സ്റ്റില്ലുകളും സോഷ്യൽ മീഡിയയും പ്രേക്ഷകഹൃദയങ്ങളും കവർന്നിരിക്കുകയാണ്. ചെന്നൈയിലെ തെരുവിൽ നിവിൻ പോളി ഒരു ബുള്ളറ്റിൽ ഇരിക്കുന്ന ഫോട്ടോയാണ് ഇപ്പോൾ കൂടുതൽ തരംഗമായിരിക്കുന്നത്. പ്രേമത്തിലെയും മറ്റും ലുക്കിൽ കിടിലൻ താടിയുമായി അഡാർ ലുക്കാണ് നിവിൻ പോളിക്ക് ചിത്രത്തിൽ. ഒരു പക്കാ എന്റർടൈനറിനുള്ള എല്ലാ ചേരുവകളും നിറഞ്ഞ ചിത്രം ഈ ഓണത്തിന് പ്രേക്ഷകർക്ക് ഒരു വിരുന്ന് ആയിരിക്കുമെന്ന് ഉറപ്പ്.