Wednesday, October 28

ആണിന്റെയും പെണ്ണിന്റെയും അല്ല ഇത് കഴിവുകളുടെ ലോകം | ഞാൻ മേരിക്കുട്ടി റീവ്യൂ

Pinterest LinkedIn Tumblr +

സ്ത്രീയെ ഉണർത്തിയ രാധയേയും സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം പെൺവേഷം കെട്ടേണ്ടി വന്ന അവ്വൈ ഷൺമുഖി, മായാമോഹിനി എന്നിവരെയെല്ലാം കണ്ടിട്ടുള്ള പ്രേക്ഷകർക്ക് മുന്നിലേക്കാണ് മാത്തുക്കുട്ടി എന്ന തന്റെ പുരുഷശരീരത്തിലെ സ്ത്രീയെ കണ്ടെത്തി അവളെ ബഹുമാനിക്കുകയും അവളായി തീരുകയും ചെയ്ത മേരിക്കുട്ടിയെ സംവിധായകൻ രഞ്ജിത് ശങ്കർ അവതരിപ്പിച്ചിരിക്കുന്നത്. പരീക്ഷണങ്ങളും അവയുടെ വിജയകരമായ അവതരണവും… അതാണ് രഞ്ജിത്ത് ശങ്കർ ചിത്രങ്ങളെ എന്നും വ്യത്യസ്തമാക്കുന്നത്. സാധാരണക്കാരന്റെ പടമെന്ന് നിസംശയം പറയാവുന്ന ചിത്രങ്ങൾ. ആ ഒരു നിരയുടെ മേലെ തട്ടിലേക്കാണ് അദ്ദേഹം മേരിക്കുട്ടിയെ കൈ പിടിച്ചു കയറ്റിയിരിക്കുന്നത്. ശബ്ദമുയർത്തണമെന്ന് പലരും ആഗ്രഹിക്കുന്ന വിഷയം. പക്ഷേ ആർക്കെതിരെ ശബ്ദമുയർത്തുന്നുവോ ആ സമൂഹം തന്നെ കുറിച്ച് എന്ത് വിചാരിക്കുമെന്ന് ഭയക്കുന്നതിനാൽ എല്ലാവരും നിശ്ശബ്ദരാണ്. ട്രാൻസ്ജെൻഡർ, ട്രാൻസ് സെക്ഷ്വൽ വിഷയങ്ങളെ ഇത്ര ആഴത്തിൽ ചർച്ച ചെയ്തിട്ടുള്ള ചിത്രങ്ങൾ മലയാളത്തിൽ ഇല്ലായെന്ന് തന്നെ പറയാം.

ചെന്നൈയിലെ ഒരു കോർപറേറ്റ് കമ്പനിയിൽ മികച്ച സാലറിയിൽ ജോലി ചെയ്തിരുന്ന മേരിക്കുട്ടി വ്യക്തമായ ലക്ഷ്യത്തോടെ തിരികെ തന്റെ നാട്ടിലെത്തിയിരിക്കുകയാണ്. കുടുംബവും നാട്ടുകാരും ഒരേപോലെ അവഗണനയോടെ നോക്കി കാണുമ്പോഴും ഇടവക വികാരിയും സുഹൃത്ത് ആൽവിനും പൂർണ പിന്തുണയോടെ മേരിക്കുട്ടിക്കൊപ്പം ഉണ്ട്. PSC പരീക്ഷയെഴുതി ജയിച്ച് ഒരു പോലീസുകാരിയായി അപ്പനും അമ്മയും തന്നെക്കുറിച്ച് അഭിമാനിക്കുന്ന ഒരു നിമിഷം. അതിനാണ് മേരിക്കുട്ടിയുടെ ശ്രമങ്ങളെല്ലാം തന്നെ. ആ ശ്രമങ്ങളെ പിന്തുടരുമ്പോഴും മേരിക്കുട്ടി എന്ന സ്ത്രീ നേരിടുന്ന പ്രശ്നങ്ങളെ തന്നെയാണ് പ്രേക്ഷകനും കാണാൻ കഴിയുന്നത്. എന്തുകൊണ്ട് മേരിക്കുട്ടിമാർ സമൂഹത്തിലെ സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ കാണപ്പെടുന്നില്ല? എന്തുകൊണ്ട് അവർ വേശ്യാവൃത്തിയിലേക്കും മറ്റും എത്തിപ്പെടുന്നു? തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം ഉത്തരം മേരിക്കുട്ടി പറയുന്നുണ്ട്. അത് പ്രേക്ഷകരും ഇന്നത്തെ സമൂഹവും തീർച്ചയായും കേൾക്കുവാനുള്ള ഒരു മനസ്സ് കാണിക്കുകയും ചെയ്യണം. ചായ കുടിച്ചും പത്രം വായിച്ചും വെറുതെ ഇരിക്കുന്ന ‘പ്രതികരിക്കുന്ന’ ആ രണ്ടു ചെറുപ്പക്കാർ തന്നെയാണ് ഇന്നത്തെ സമൂഹം.

വെർ‌സറ്റൈൽ ആക്ടർ എന്ന് എല്ലാ അർത്ഥത്തിലും വീണ്ടും തെളിയിച്ചിരിക്കുകയാണ് ജയസൂര്യ. മേരിക്കുട്ടിയടക്കം ഈ അടുത്ത് തീയറ്ററുകളിൽ എത്തിയ ഓരോ ചിത്രവും എടുത്തു നോക്കിയാൽ അത് തിരിച്ചറിയാവുന്നതാണ്. ജോയ് താക്കോൽക്കാരനും ഷാജി പാപ്പനും വി പി സത്യനുമെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്. പക്ഷേ അവക്കെല്ലാം മുകളിലാണ് ഈ മേരിക്കുട്ടി നിൽക്കുന്നത്. ജയസൂര്യയുടെ കഥാപാത്രത്തിന്റെ പൂർണതക്കായുള്ള കഠിനാധ്വാനവും സമർപ്പണവും പൂർണമായി വീണ്ടും വിജയം കണ്ടിരിക്കുകയാണ് മേരികുട്ടിയിൽ. ഞാൻ മേരിക്കുട്ടി എന്ന് സമൂഹത്തിലെ ഇങ്ങനെയുള്ള ഓരോരുത്തർക്കും ചങ്കൂറ്റത്തോടെ തുറന്ന് പറയാനുള്ള ഒരു ധൈര്യം തന്നെയാണ് ജയസൂര്യ തന്റെ കഥാപാത്രത്തിലൂടെ പകർന്നിരിക്കുന്നത്. കഴിവും അധ്വാനവും ഉണ്ടെങ്കിൽ ആർക്കും എവിടെയും എത്തിച്ചേരാമെന്ന് കൂടി ഓർമിപ്പിക്കുന്നുണ്ട് മേരിക്കുട്ടി.

മേരിക്കുട്ടിക്ക് പിന്തുണയുമായി എത്തുന്ന വികാരിയച്ചന്റെ വേഷം മനോഹരമാക്കി തീർക്കുവാൻ ഇന്നസെന്റിന് സാധിച്ചു. മേരിക്കുട്ടിയെ തന്റെ ചേച്ചിയുടെ സ്ഥാനത്താണ് കാണുന്നതെന്ന അജുവിന്റെ ഡയലോഗ് മാത്രം മതി ആ കഥാപാത്രത്തിന്റെ ഉള്ളിലെ നന്മ തിരിച്ചറിയുവാൻ. DJ ആൽവിൻ എന്ന കഥാപാത്രത്തെ നേർത്തൊരു ചിരിയോടെ നെഞ്ചിലേറ്റാവുന്ന ഒരു പ്രകടനം തന്നെ അജു വർഗീസ് നടത്തിയിട്ടുണ്ട്. ഇതിനെല്ലാമിടയിൽ കൈയ്യടി നേടുന്ന പ്രകടനങ്ങളാണ് ജോജു ജോർജിന്റെ എസ് ഐയും സുരാജ് വെഞ്ഞാറമൂടിന്റെ കളക്ടറും നടത്തിയിരിക്കുന്നത്. സമകാലീന സമൂഹത്തിൽ ഒരു പോലീസുകാരൻ എങ്ങനെ ആയിരിക്കരുത് എന്നുള്ളതിന് ഉദാഹരണമാണ് ജോജുവിന്റെ S I വേഷം. മേരിക്കുട്ടി വീണ്ടുമെത്തുകയാണെങ്കിൽ അവൾ കാണിച്ചു തരും ഒരു പോലീസ് ഓഫീസർ എങ്ങനെയായിരിക്കണമെന്ന്. ഇങ്ങനെയൊരു വിഷയം തിരഞ്ഞെടുക്കുകയും അത് എഴുതി ഫലിപ്പിക്കുകയും ചെയ്ത രഞ്ജിത്ത് ശങ്കറിന് തന്നെയാണ് എല്ലാ ക്രെഡിറ്റും അവകാശപ്പെടാൻ ആകുന്നത്. പ്രേക്ഷകനെ പിടിച്ചിരുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതിൽ അദ്ദേഹം പൂർണമായി വിജയിക്കുകയും ചെയ്തു. ഈ ചിത്രം ഇനി വഴിതെളിക്കുവാൻ പോകുന്നത് പല ചർച്ചകൾക്കും ദൃശ്യമായ മാറ്റങ്ങൾക്കുമാണെന്ന് ഓർത്ത് അദ്ദേഹത്തിന് ഏറെ അഭിമാനിക്കാം. മേരിക്കുട്ടിയുടെ ജീവിതത്തെ തുറന്ന് കാണിച്ച ക്യാമറ വർക്കിലൂടെ വിഷ്ണു നാരായണനും തന്റെ ഭാഗം ഗാംഭീരമാക്കി. കൂടെ ഇതിനകം തന്നെ ഹിറ്റ് ചാർട്ടിലുള്ള ഗാനങ്ങൾ ഒരുക്കിയ ആനന്ദ് മധുസൂദനനും. വി സാജന്റെ എഡിറ്റിങ്ങും മേരിക്കുട്ടിയെ പ്രിയങ്കരിയാക്കുന്നതിൽ ഏറെ സഹായിച്ചു. അതിലേറെ പ്രശംസകളും കൈയ്യടികളും മേക്കപ്പ്മാൻ റോനെക്‌സ് സേവ്യറും അർഹിക്കുന്നു. അവതരണത്തിലെ ഒരു നാടകീയത മാത്രമാണ് പ്രേക്ഷകന്റെ ആസ്വാദനത്തെ ചെറുതായി പരീക്ഷിക്കുന്നത്. പക്ഷേ ഇത് ജീവിതമാണ്. ഇതിൽ ഇങ്ങനെ തന്നെയാണ്. നിരവധി മാറ്റങ്ങൾക്ക് നാന്ദി കുറിച്ചാണ് മേരിക്കുട്ടി എത്തിയിരിക്കുന്നത്. ഇരുകൈയ്യും നീട്ടി നിങ്ങൾ മേരിക്കുട്ടിയെ സ്വീകരിക്കുമ്പോൾ മാറ്റപ്പെടുന്നത് വേറെ ഒരു ജനങ്ങളുടെ ജീവിതമാണ്. അവരും നമ്മുടെ സമൂഹത്തിന്റെ ഭാഗമാണ്. നമ്മളിൽ ഒരാൾ തന്നെയാണ്. അവർക്കും സധൈര്യം ‘ഞാൻ മേരിക്കുട്ടി’ എന്ന് പറയുവാൻ സാധിക്കട്ടെ….

“Lucifer”
Loading...
Share.

About Author

Leave A Reply