മലയാളി പ്രേക്ഷകർ ബൈക്ക് സ്റ്റണ്ടും കാർ റേസിങ്ങുമെല്ലാം കണ്ട് ഏറെ കൈയ്യടിച്ചിട്ടുള്ളവരാണ്. ഇപ്പോഴിതാ പ്രേക്ഷകർക്ക് പുതുമയാർന്നൊരു ദൃശ്യാനുഭവമേകാൻ ‘നോൺസെൻസ്’ എന്ന പുതുമുഖങ്ങളാൽ സമ്പുഷ്ടമായ ഒരു ചിത്രമെത്തുന്നു. ഇന്ത്യൻ സിനിമകളിൽ തന്നെ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം അതിശയിപ്പിക്കുന്ന തരത്തിലുള്ള BMX സ്റ്റണ്ടുമായാണ് MC ജിതിൻ സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം എത്തുന്നത്. ഒരു വലിയ ഇടവേളക്ക് ശേഷം ജോണി സാഗരിഗ എന്ന ഹിറ്റ് പ്രൊഡ്യൂസർ നിർമ്മാണരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
BMX സ്പോർട്ടിനെ പിന്തുണക്കുന്ന ആദ്യ മലയാളചിത്രമായ നോൺസെൻസിന്റെ ട്രെയ്ലറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഐ ആം എ മല്ലു, ദിസ് ഈസ് ബെംഗളൂരു തുടങ്ങിയ വേറിട്ട ആൽബങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ചിട്ടുള്ള റിനോഷ് ജോർജാണ് ചിത്രത്തിലെ നായകൻ. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ വിനയ് ഫോർട്ട്, ശ്രുതി രാമചന്ദ്രൻ, ഫെബിയ വി മാത്യു, കലാഭവൻ ഷാജോൺ, അനിൽ നെടുമങ്ങാട് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അലക്സ് ജെ പുളിക്കലാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.