മലയാള സിനിമ പ്രേക്ഷകരിൽ ഒരു വലിയ വിഭാഗം ആരാധകരുള്ള ചിത്രമാണ് റൺവേ. ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ ജനപ്രിയനായകൻ ദിലീപ് ആയിരുന്നു നായകനായി എത്തിയത്. കോമഡി റോഡുകളിൽ തിളങ്ങിയിരുന്ന ദിലീപിന് ആക്ഷൻ പരിവേശം നേടിക്കൊടുത്ത സിനിമയും കഥാപാത്രവുമാണ് റൺവേ. വാളയാർ പരമശിവം എന്ന കഥാപാത്രം ഏത് മലയാളിയാണ് മറക്കുക?
ചിത്രത്തിൻറെ രണ്ടാം ഭാഗം ‘വാളയാർ പരമശിവം’ ഉണ്ടാകുമെന്ന് വാർത്ത പുറത്തിറങ്ങിയിട്ട് രണ്ടു വർഷത്തിലേറെയായി. എന്നാൽ ഇപ്പോൾ ഇതു സംബന്ധിച്ച് ഒരു ഉറപ്പു നൽകിയിരിക്കുകയാണ് ജനപ്രിയനായകൻ ദിലീപ്.ദിലീപ് നായകനാകുന്ന ജാക് ഡാനിയലിന്റെ പ്രൊമോഷൻ ഭാഗമായി ഫേസ്ബുക്ക് ലൈവിൽ എത്തിയപ്പോൾ ആണ് ദിലീപ് ഇത് സ്ഥിതീകരിച്ചത്.അതോടൊപ്പം സൂപ്പർ ഹിറ്റായ സി ഐ ഡി മൂസയുടെ രണ്ടാം ഭാഗവും അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് ദിലീപ് ലൈവിൽ അറിയിച്ചു.
വാളയാർ പരമശിവത്തിന് മുൻപ് ദിലീപും ജോഷിയും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നുണ്ട്. ജോഷി – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ റൺ ബേബി റൺ പോലെ മീഡിയ ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട ചിത്രമാണ് ഇത്. ഓൺ എയർ ഈപ്പൻ എന്നാണ് ചിത്രത്തിന്റെ പേര്.
നവാഗതനായ അരുണും നിരഞ്ജനും ചേർന്ന് രചന നിർവഹിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ജാഫേഴ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജിൻ ജാഫർ ആണ്. താരനിർണയം പൂർത്തിയായി വരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി അവസാനം തുടങ്ങാനാണ് തീരുമാനം. എറണാകുളമാണ് ലൊക്കേഷൻ.അഞ്ച് വർഷം മുമ്പ് പുറത്തിറങ്ങിയ അവതാരം എന്ന ചിത്രത്തിൽ ജോഷിയും ദിലീപും അവസാനമായി ഒന്നിച്ചത്.ചിത്രം സമ്മിശ്ര പ്രതികരണം മാത്രമായിരുന്നു നേടിയിരുന്നത്.ഇതിനിടെ ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ പൊറിഞ്ചു മറിയം ജോസിന്റെ വലിയ വിജയത്തിന്റെ നെറുകയിലാണ് ജോഷി ഇപ്പോൾ. ഓർഡിനറി, മധുരനാരങ്ങ,ശിക്കാരിശംഭു തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സുഗീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മൈസാന്റായിലാണ് ദിലീപ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.