അന്തരിച്ചു പോയ മുൻ തമിഴ് നാട് മുഖ്യമന്ത്രിയും നടിയുമായ ജയലളിതയുടെ ജീവിത കഥ പറയുന്ന തലൈവി എന്ന ചിത്രത്തിൽ എം ജി ആർ ആയുള്ള അരവിന്ദ് സ്വാമിയുടെ മേക് ഓവർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. കങ്കണ റണൗട്ട് ജയലളിതയായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത തമിഴ് സംവിധായകൻ ആയ എ എൽ വിജയ്യും സംഗീത സംവിധാനം നിർവഹിക്കുന്നത് ജി വി പ്രകാശ് കുമാറും ആണ്. ഈ ചിത്രം ഈ വർഷം അവസാനത്തോടെ റിലീസ് ചെയ്യും എന്നാണ് ലഭിക്കുന്ന സൂചന. എം ജി ആറിന്റെ നൂറ്റിമൂന്നാം ജന്മദിനത്തോട് അനുബന്ധിച്ചു പുറത്തു വിട്ട അരവിന്ദ് സ്വാമിയുടെ എം ജി ആർ മേക് ഓവറിനു പിന്നിൽ പ്രശസ്തനായ ഒരു മലയാളി മേക്കപ്പ് മാൻ ആണ്.
ദേശീയ തലത്തിൽ വരെ ശ്രദ്ധ പിടിച്ചു പറ്റിയ മലയാളികളുടെ സ്വന്തം പട്ടണം റഷീദ് ആണ് അത്. പട്ടണം റഷീദിനൊപ്പം എം ജി ആർ മേക്കപ്പിൽ നിൽക്കുന്ന അരവിന്ദ് സ്വാമിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ആധാരം, ഗുരു, കുഞ്ഞിക്കൂനൻ, അനന്തഭദ്രം, യുഗ പുരുഷൻ, സ്വപാനം എന്നീ ചിത്രങ്ങളിലൂടെ ആറു സംസ്ഥാന അവാർഡുകൾ നേടിയ പട്ടണം റഷീദ്, മോഹൻലാൽ നായകനായ പരദേശി എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആര്ടിസ്റ്റിനുള്ള ദേശീയ പുരസ്കാരവും നേടിയെടുത്ത കലാകാരൻ ആണ്.