Saturday, July 4

അഭിനയമികവിന്റെ അഴകും ബന്ധങ്ങളുടെ തീവ്രതയും | പേരൻപ് റിവ്യൂ വായിക്കാം

Pinterest LinkedIn Tumblr +

പേരൻപ് ഒരു അഴകാണ്…. അഭിനയ ചാരുതയുടെ, പകരം വെക്കാനില്ലാത്ത പ്രകടനങ്ങളുടെ, ബന്ധങ്ങളുടെ ദൃഢതയുടെ, പ്രകൃതിയുടെ അർത്ഥ തലങ്ങളുടെ, മനുഷ്യന്റെ നിസ്സഹായതയുടെ, ആന്തരിക സംഘർഷങ്ങൾ ആക്രമിക്കുന്ന മനുഷ്യമനസ്സിന്റെ, ജീവിത യാഥാർഥ്യങ്ങളുടെ നേർക്കാഴ്ചകളുടെ…. അങ്ങനെ നിരവധി അഴകുകളുടെ ഒരു ആകെത്തുക. കാസ്റ്റിംഗിലെ പൂർണതയും സംവിധായകന്റെ മികവും പ്രമേയത്തിന്റെ ആഴവും കൊണ്ട് ഒരു മികച്ച അനുഭവം തന്നെയാണ് സംവിധായകൻ റാം പേരൻപിലൂടെ പ്രേക്ഷകർക്ക് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കായി ഇത്ര നാൾ കാത്തിരുന്നു എന്ന വാക്കുകൾ ഒരിക്കലും ഒരു അതിശയോക്തി അല്ലെന്ന് തെളിയിക്കുകയും ചെയ്തിരിക്കുകയാണ് റാം.

Peranbu Movie Review

Peranbu Movie Review

പന്ത്രണ്ട് അധ്യായങ്ങളിലായി സ്നേഹവും അത്ഭുതവും അനിർവചനീയവും ക്രൂരവുമായ പ്രകൃതിയോട് ചേർന്നാണ് കഥ പറഞ്ഞിരിക്കുന്നത്. അതിഭാവുകത്വങ്ങളുടെ അതിപ്രസരണം ഒരു ഞൊടിയിടയിൽ പോലും കടന്ന് വരാത്ത ഒരു പ്രകടനത്തിലൂടെ അമുദനായി മമ്മൂട്ടിയും പാപ്പായായി സാധനയും നിറഞ്ഞ് നിൽക്കുകയാണ്. കണ്ടിട്ടും കെട്ടിട്ടുമുള്ള അച്ഛൻ – മകൾ ബന്ധത്തിന്റെ കഥയല്ല പേരൻപ്. മറിച്ച് മറ്റെന്തിനേക്കാളും മകളെ സ്നേഹിക്കുന്ന ഒരു അച്ഛന് സ്വന്തം മകൾക്ക് പേടിയുള്ള ഒരു ബന്ധത്തിന്റെ കഥയാണ്. സെറിബൽ പാൾസി ബാധിച്ച മകളുമായി സുതാര്യമായ ഒരു ആത്മബന്ധം സ്ഥാപിച്ചെടുക്കുക എന്ന കഠിനമായ ഒരു ദൗത്യത്തെ തന്റെ അനായാസമായ അഭിനയ മികവ് കൊണ്ട് മമ്മൂട്ടി അവിസ്മരണീയമാക്കിയിട്ടുണ്ട്. വൈകാരികമുഹൂർത്തങ്ങളെ പ്രേക്ഷകന്റെ കണ്ണ് നിറക്കുന്ന രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കുന്ന മമ്മൂട്ടിയെ പല തവണ കണ്ടിട്ടുള്ള പ്രേക്ഷകർക്ക് ആ പ്രകടനങ്ങളുടെ തട്ടിലേക്ക് പേരൻപ് കൂട്ടി ചേർത്തു വെക്കുമ്പോൾ അതിൽ ഏറെ മുകളിൽ തന്നെയാണ് അമുദൻ എന്ന ഈ മമ്മൂക്ക കഥാപാത്രം. മമ്മൂട്ടി എന്ന താരത്തെയല്ല, മറിച്ച് അദ്ദേഹത്തിലെ നടനെയാണ് പേരൻപിലൂടെ റാം സമ്മാനിച്ചിരിക്കുന്നത്.

Peranbu Movie Review

Peranbu Movie Review

മമ്മൂട്ടിക്ക് ഒപ്പമോ ചിലപ്പോൾ അതിലും മുകളിലോ ചേർത്ത് വായിക്കപ്പെടേണ്ടതാണ് പാപ്പായായി ജീവിച്ച സാധനയുടെ പ്രകടനം. സെറിബൽ പാൾസി ബാധിച്ച ഒരു കുട്ടിയാണെന്ന് പ്രേക്ഷകനെ വിശ്വസിപ്പിച്ച പ്രകടനം. ഓരോ കഥാപാത്രത്തിന്റെയും വൈകാരികവും ആനന്ദകരവുമായ ജീവിതാവസ്ഥകളിലൂടെ പ്രേക്ഷകനും സഞ്ചരിക്കുവാൻ കഴിയുന്നിടത്താണ് ഒരു ചിത്രം പൂർണമാകുന്നത്. ആ ഒരു പൂർണതയിലേക്ക് അമുദന്റെയും സാധനയുടെയും കൈപിടിച്ച് റാം നടന്നെത്തിയിട്ടുണ്ട്. അഞ്ജലി അമീറും അഞ്ജലിയുമടക്കം ഓരോ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും അവരെ ആ കഥാപാത്രങ്ങളാക്കി അവതരിപ്പിച്ചിരിക്കുന്നതിലും ഒരു സംവിധായകന്റെ മികവ് റാം തെളിയിച്ചിട്ടുണ്ട്. ഇരുവരുടെയും പ്രകടനങ്ങളും തീർച്ചയായും കൈയ്യടി അർഹിക്കുന്നുണ്ട്.

Peranbu Movie Review

Peranbu Movie Review

ഒരുപാട് അർത്ഥതലങ്ങളിലൂടെ സഞ്ചരിക്കുന്ന പേരൻപ് അഴകും അത്ഭുതവുമായി വിലസുവാൻ ഏറെ സഹായിച്ചിരിക്കുന്നത് യുവാൻ ശങ്കർ രാജ ഒരുക്കിയ സംഗീതവും തേനി ഈശ്വർ ഒപ്പിയെടുത്ത കാഴ്ചകളും തന്നെയാണ്. സൂര്യ പ്രഥമന്റെ എഡിറ്റിംഗും കൂടി ചേർന്നപ്പോൾ പേരൻപ് പേരഴകായി തീർന്നു. പ്രകടനങ്ങളുടെ അഴകുമായി ഒരു ഫീൽ ഗുഡ് എന്റർടൈനർ.. അതാണ് പേരൻപ്. തീർച്ചയായും കണ്ടിരിക്കേണ്ട, നാളെകളിൽ ഒരു പാഠപുസ്തകമായി വർത്തിക്കുവാൻ ഒരുങ്ങുന്ന ഈ ചിത്രം സിനിമ ലോകത്തിന് തന്നെ ഒരു മുതൽക്കൂട്ടാണ്.

“Lucifer”
Loading...
Share.

About Author

Comments are closed.