മമ്മൂട്ടി നായകനായ മധുരരാജയുടെ പുതിയ പോസ്റ്ററിന് ട്രോൾ പൂരം. പോക്കിരിരാജയിൽ ആഡംബരകാറുകളിൽ മാസ് എൻട്രി നടത്തിയ രാജ രണ്ടാം പകുതിയിൽ സൈക്കിളിൽ വരുന്നു എന്ന് പറഞ്ഞാണ് ട്രോളിയിരിക്കുന്നത്. ഒരു നീണ്ട നിരയുമായി സൈക്കിളിൽ മധുരരാജ എത്തുന്ന പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിരിക്കുന്നതും ട്രോളുകൾ ഏറ്റുവാങ്ങുന്നതും. പെട്രോൾ വില കൂടിയ കാരണമാണ് രാജ തന്റെ എൻട്രി സൈക്കിളിലേക്ക് മാറ്റിയത് എന്നതാണ് ട്രോളന്മാരുടെ കണ്ടുപിടിത്തം.
മമ്മൂട്ടി – വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മാസ്സ് ചിത്രം മധുരരാജ വിഷു റിലീസായിട്ടാണ് തീയറ്ററുകളിൽ എത്തുന്നത്. വമ്പൻ ഹിറ്റായി തീർന്ന പോക്കിരി രാജയുടെ രണ്ടാം ഭാഗമായ ഈ ചിത്രത്തിൽ മാസും കോമഡിയും നിറഞ്ഞ രാജ എന്ന കഥാപാത്രത്തെ തന്നെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാർ എന്നിവരാണ് നായികമാരായി എത്തുന്നത്. തമിഴ് താരം ജയ്, ബാലചന്ദ്രൻ ചുള്ളിക്കാട്, സലിം കുമാർ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതിലെല്ലാം ഉപരി സണ്ണി ലിയോൺ മധുരരാജയിലൂടെ ആദ്യമായി ഒരു മലയാളഗാനത്തിനായി ചുവട് വെക്കുന്നു എന്നതും ഏറെ പ്രതീക്ഷകൾ പകരുന്നതാണ്.