Tuesday, June 18

ആഘോഷങ്ങളുടെ പൊങ്കലിന് തലൈവരുടെ മാസ്സ് സമ്മാനം | പേട്ട റിവ്യൂ

Google+ Pinterest LinkedIn Tumblr +
“Lucifer”

തൊണ്ണൂറുകളിലെ കൗമാരങ്ങൾക്കും യുവത്വത്തിനും ഒരു മോഡേൺ ബാഷ അല്ലെങ്കിൽ ബാഷയെ ബിഗ് സ്ക്രീനിൽ കാണാൻ സാധിക്കാത്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗമാരത്തിന് ലഭിക്കുന്ന ഒരു സുവർണാവസരം. അങ്ങനെ വിശേഷിപ്പിക്കാവുന്ന ഒരു ഒന്നൊന്നര ട്രീറ്റാണ് തലൈവർ രജനികാന്തിന്റെ പേട്ട. പക്ഷേ കടുത്ത രജനികാന്ത് ആരാധകൻ ആണെന്ന് തുറന്ന് പറഞ്ഞ കാർത്തിക് സുബരാജ് എന്ന കഴിവുറ്റ യുവസംവിധായകൻ ഒരുക്കിയിരിക്കുന്നത് മറ്റൊരു ബാഷയല്ല, മറിച്ച് പ്രേക്ഷകനെ ആവേശത്തിൽ നിറക്കുന്ന മറ്റൊരു രജനികാന്ത് ചിത്രമാണ്. കഴിഞ്ഞുപോയ കാലത്തിൽ തീയറ്ററുകൾ ഇളക്കിമറിച്ച രജനീകാന്തിനെ തിരികെ കിട്ടിയ ചിത്രം. തന്റെ ഓരോ ചിത്രങ്ങളിലും സംവിധായകന്റെ കൈയ്യൊപ്പ് പതിപ്പിക്കുന്ന കാർത്തിക്ക് സുബ്ബരാജ് പക്ഷേ പേട്ട ഒരുക്കിയിരിക്കുന്നത് ഒരു കാർത്തിക് സുബ്ബരാജ് ചിത്രം എന്നതിനും മേലെ ഒരു രജനികാന്ത് ചിത്രമായിട്ടാണ്.

Petta Movie Review

Petta Movie Review

ഒരു കോളേജ് ഹോസ്റ്റലിൽ വാർഡനായി ജോയിൻ ചെയ്ത കാളി തന്റേതായ രീതിയിൽ ആഘോഷിച്ചു നടക്കുകയാണ്. പ്രണയവും ചെറിയ കുസൃതികളും റൗഡി ബോയ്സിനെ ഒതുക്കലും എല്ലാമായി നടക്കുന്ന കാളിക്ക് സിംഗാർ സിങ്ങിനെയും അയാളുടെ ക്രൂരനായ മകൻ ജിത്തുവിനെയും നേരിടേണ്ടി വരുന്നു. പക്ഷേ കണക്കുകൂട്ടലുകൾ തെറ്റിയത് വില്ലന്മാർക്ക് തന്നെയാണ്. ബാക്കി നടന്നത് എല്ലാം പേട്ട പറയും…! രജനീകാന്ത് ആരാധകർക്ക് ആവേശം കൊള്ളാനുള്ളത് എല്ലാം തന്നെ പേട്ട നൽകുന്നുണ്ട്. പതിവ് പോലെ തന്നെ കോമഡിയും കിടിലൻ ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും എല്ലാറ്റിനുമുപരി സ്വതഃസിദ്ധമായ സ്റ്റൈലും കൊണ്ട് തലൈവർ പ്രേക്ഷകന്റെ മനസ്സ് പൂർണമായും നിറക്കുന്നുണ്ട്. രജനികാന്ത് എന്ന സൂപ്പർസ്റ്റാറിൽ നിന്നും പ്രേക്ഷകൻ എന്താണോ കാണാൻ കൊതിക്കുന്നത് അത് പേട്ട സമ്മാനിക്കുന്നു.

Petta Movie Review

Petta Movie Review

സിമ്രാനും തൃഷക്കും ഇതേവരെ തലൈവർക്കൊപ്പം അഭിനയിക്കുവാൻ സാധിച്ചിട്ടില്ല എന്ന പരാതി തീർത്ത് തരുന്നതാണ് പേട്ടയിലെ റോളുകൾ. അവർക്ക് കാര്യമായി റോൾ ഇല്ലായിരുന്നെങ്കിലും രജനികാന്തിനൊപ്പമുള്ള അവരുടെ കെമിസ്ട്രി മികച്ചു തന്നെ നിന്നു. തലൈവർക്കൊപ്പം കട്ട മാസുമായി വിജയ് സേതുപതിയും നവാസുദ്ദിൻ സിദ്ധിഖിയും ബോബി സിംഹയുമെല്ലാം ഒപ്പത്തിനൊപ്പം നിന്നു. മറ്റു രജനികാന്ത് ചിത്രങ്ങളുടെ റഫറൻസ് കൂടിയായപ്പോൾ പ്രേക്ഷകർ പേട്ട ആഘോഷമാക്കി. എങ്കിലും പേട്ടക്ക് അതിന്റെതായ കുറവുകളും ഉണ്ട്. ചിത്രത്തിന്റെ വിവരണം പ്രേക്ഷകർക്ക് കുറച്ച് ദൈർഘ്യമേറിയതായി അനുഭവപ്പെടുന്നു. കോളേജ് സീനുകൾ ഒരു പരിധി കഴിയുമ്പോൾ കുറച്ച് അരോചകമായി തോന്നുകയും ചെയ്യുന്നു.

Petta Movie Review

Petta Movie Review

സംവിധായകൻ കാർത്തിക് സുബ്ബരാജ് തന്നെ ഒരുക്കിയ തിരക്കഥ രജനികാന്ത് എന്ന സൂപ്പർസ്റ്റാറിനെ പൂർണമായും പുറത്ത് കൊണ്ടു വരുന്നതാണ്. അനിരുദ്ധ് ഒരുക്കിയ സംഗീതവും തിരുവിന്റെ ക്യാമറ കണ്ണുകളും ആ ഒരു ആഘോഷത്തെ പൂർണമാക്കി. വിവേക് ഹർഷന്റെ എഡിറ്റിംഗും ആസ്വാദനത്തെ ശക്തമായി തന്നെ സ്വാധീനിച്ചിട്ടുണ്ട്. പൊങ്കൽ ആഘോഷങ്ങൾക്ക് മാസ്സ് വർണങ്ങളേകിയ പേട്ട തീർച്ചയായും ബിഗ് സ്ക്രീനിൽ കണ്ടിരിക്കേണ്ട ഒരു വിരുന്ന് തന്നെയാണ്.

“Lucifer”
Share.

About Author

Comments are closed.