പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് യുഎഇ 700 കോടിയുടെ സഹായധനം പ്രഖ്യാപിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും തുടര്‍ന്ന് അങ്ങനെയൊരു തുക പ്രഖ്യാപിച്ചിട്ടില്ലെന്ന വാര്‍ത്തയും പുറത്തുവന്നത് വന്‍ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.
കേരളത്തിലെ പ്രളയം പോലും കാര്യമായി റിപ്പോര്‍ട്ട് ചെയ്യാത്ത ദേശീയ മാധ്യമങ്ങല്‍ 700 കോടി വിവാദം വലിയ പ്രാധാന്യത്തോടെയാണ് ചര്‍ച്ച ചെയ്തത്. വിഷയം ചര്‍ച്ച ചെയത് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് കേരളത്തെ അധിക്ഷേപിച്ച് സംസാരിച്ചതിനേ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ അര്‍ണബിനെതിരേയും റിപ്പബ്ലിക് ടിവിക്കെതിരേയും രൂക്ഷ വിമര്‍ശനങ്ങളാണ് നടക്കുന്നത്.
ചാനല്‍ ചര്‍ച്ച നടത്തിയ റിപ്പബ്ലിക്ക് ടിവിയുടെ ഫേസ്ബുക്ക് പേജിലും അര്‍ണാബിന്റെ പേജിലും പ്രതിഷേധമറിയിച്ച മലയാളികള്‍ ഇപ്പോള്‍ റിപ്പബ്ലിക്ക് ടിവിയുടെ ആപ്പിന് ആന്‍ഡ്രോയിഡ് പ്ലേസ്റ്റോറിലും റേറ്റിംഗ് കുറച്ച് കൊണ്ടിരിക്കുകയാണ്.
ചാനലിന്റെ പ്ലേസ്റ്റോറിലെ റേറ്റിംഗ് കുത്തനെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അഞ്ചില്‍ ഒരു സ്റ്റാര്‍ റേറ്റിംഗ് നല്‍കിയാണ് മലയാളികള്‍ റിപ്പബ്ലിക്ക് ചാനലിനെതിരെ പ്രതിഷേധിക്കുന്നത്. നിലവില്‍ ഇന്ന് രാവിലെ 1.8 ആണ് ആപ്പിന്റെ റേറ്റിങ്ങ്.
സംഘപരിവാര്‍ ആഭിമുഖ്യം പുലര്‍ത്തുന്ന അര്‍ണാബിന്റെ ചാനലായ റിപ്പബ്ലിക്ക് ടിവിയില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചക്കിടെയായിരുന്നു അര്‍ണാബിന്റെ വിവാദ പ്രസ്താവന.
‘നാണം കെട്ട ഇന്ത്യക്കാരുടെ കൂട്ടമാണ് ഇത്’ എന്നായിരുന്നു അര്‍ണാബിന്റെ വിവാദ പ്രസ്താവന. യുഎഇയുടെ സഹായവാഗ്ദാനവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെയായിരുന്നു അര്‍ണാബ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത്.