പ്രേക്ഷകർ ഒന്നടങ്കം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലി നായകൻ പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സാഹോ ഓഗസ്റ്റ് 30 നാണ് ലോക വ്യാപകമായി റിലീസ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങ് കൊച്ചിയിൽ നടന്നു. മോഹൻലാൽ മുഖ്യ അതിഥിയായി എത്തിയ ചടങ്ങിൽ സിദ്ധിഖ്, മംമ്ത മോഹൻദാസ് തുടങ്ങി സിനിമ മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തു. ഈ ചടങ്ങിൽ വെച്ച് തന്റെ ഇഷ്ട നായകൻ മോഹൻലാൽ ആണെന്നും ഇഷ്ട ചിത്രം കാലാപാനി ആണെന്നും പ്രഭാസ് തുറന്നു പറഞ്ഞു. ദൃശ്യം, പുലിമുരുകൻ, ലൂസിഫർ പോലുള്ള കൊമേർഷ്യൽ സിനിമകളും മറ്റു റിയലിസ്റ്റിക് സിനിമകളും താൻ കണ്ടിട്ടുണ്ട് എന്നും പ്രഭാസ് മാധ്യമങ്ങൾക്ക് മുൻപാകെ വ്യക്തമാക്കി.
ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ ബഡ്ജറ്റ് ഉള്ള ആക്ഷൻ ചിത്രമെന്ന സവിശേഷതയോടെയാണ് സഹോ എത്തുന്നത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് സംവിധായകന് ബി ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ആര്‍ഡി ഇലുമിനേഷനാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുജീത് റെഡ്ഡിയാണ്. ചിത്രം നിർമ്മിക്കുന്നത് യു.വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്.