സിനിമയിൽ സജീവമാകുന്നതിനു മുമ്പ് തന്നെ മാധ്യമങ്ങൾ ഏറെ ചർച്ച ചെയ്ത താരമാണ് പ്രണവ് മോഹൻലാൽ. ആദ്യകാലങ്ങളിൽ നടൻ മോഹൻലാലിന്റെ മകൻ എന്ന ലേബലിലാണ് അറിയപ്പെട്ടതെങ്കിലും പിന്നീട് സ്വന്തം വ്യക്തിത്വം കൊണ്ടാണ് പ്രണവ് ശ്രദ്ധിക്കപ്പെട്ടത്. പ്രണവിന്റെ ജീവിതരീതിയും ലളിതജീവിതവും എല്ലാം ആരാധകരെ നേടിക്കൊടുത്തു. ഹൃദയം സിനിമ റിലീസ് ആയതോടെ സോഷ്യൽ മീഡിയയിലും സജീവമായിരിക്കുകയാണ് പ്രണവ് മോഹൻലാൽ. സിനിമാ വിശേഷങ്ങൾ മാത്രമല്ല യാത്രാവിശേഷങ്ങളും പ്രണവ് മോഹൻലാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.
2017ലെ തായ് ലൻഡ് യാത്രയ്ക്കിടെ എടുത്ത വീഡിയോ ആണ് അവസാനമായി പങ്കുവെച്ചിരിക്കുന്നത്. ടോൺസായിയിലെ മലയിടുക്കിലൂടെ നടന്നു കയറുന്ന പ്രണവിനെയാണ് വീഡിയോയിൽ കാണാൻ കഴിയുക. നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ‘ഞാൻ പിന്തുടരുന്നത് എന്റെ ഇഷ്ടളെയാണ്, അല്ലാതെ മറ്റുള്ളവരുടെ താൽപര്യങ്ങളെ അല്ല’, ‘ബാബുവിന്റെ കഥ ഫിലിം ആയാൽ ഇയാളല്ലാതെ വേറൊരു ഓപ്ഷൻ ഇല്ല ഇപ്പോൾ നിലവിൽ’, ‘ചുമ്മാ തീ’, ‘ഡാ ചെക്കാ നീ പൊളിയാടാ ചുമ്മാ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
സാഹസികയാത്രകൾ നടത്തുന്ന പ്രണവിന്റെ വീഡിയോകളും ചിത്രങ്ങളും നേരത്തെ തന്നെ യുട്യൂബ് ചാനലുകളിലൂടെയും പുറത്തു വന്നിട്ടുണ്ട്. ഈ അടുത്ത കാലത്താണ് പ്രണവ് തന്റേതായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു തുടങ്ങിയത്. ഹൃദയം ആണ് പ്രണവിന്റേതായി പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത്.
View this post on Instagram