ഈ ലോക്ക് ഡൗൺ കാലഘട്ടം എല്ലാവർക്കും പരീക്ഷണങ്ങളുടെ കാലം കൂടിയാണ്. പാചകവും എഴുത്തും ചിത്രരചനയും ബോട്ടിൽ ആർട്ടുമെല്ലാമായി ഓരോരുത്തരും അവരവരുടെ കഴിവുകൾ പുറത്തെടുക്കുമ്പോൾ മലയാളികളുടെ പ്രിയ യുവതാരം ദുൽഖർ സൽമാനും പാചകത്തിൽ തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. സുഹൃത്തും ആർ ജെയും നടനുമായ ശേഖറിനൊപ്പമാണ് ദുൽഖർ പാചകപരീക്ഷണങ്ങൾ നടത്തുന്നത്. അങ്ങനെ ഒരുക്കിയ ഒരു ബർഗറിന്റെ ഫോട്ടോ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. അടുത്ത തവണ ബ്രിയോച്ചേ ബൺസ് ഉണ്ടാക്കണമെന്ന് കുറിച്ച ദുൽഖറിന് രസകരമായ മറുപടിയാണ് പൃഥ്വിരാജ് കൊടുത്തിരിക്കുന്നത്.
ബ്ലെസി ഒരുക്കുന്ന ആടുജീവിതത്തിനായി കഠിനമായ ഡയറ്റിങ്ങിലാണ് പൃഥ്വിരാജ്. അപ്പോഴാണ് ഇത്തരത്തിൽ ഒരു പോസ്റ്റ് ദുൽഖർ സൽമാൻ ഇട്ടിരിക്കുന്നതും. ആടുജീവിതത്തിന് ശേഷമുള്ള മൂന്ന് മാസം ഇത്തരത്തിലുള്ള ഇൻസ്റ്റാ കണ്ടെന്റുകളാണ് ഞാൻ കാത്തിരിക്കുന്നത് എന്നാണ് പൃഥ്വിരാജ് കമന്റിട്ടത്. നമുക്ക് ഏറ്റവും മികച്ച ചീസ് ബർഗർ ഉണ്ടാക്കാം എന്നാണ് ദുൽഖർ അതിന് മറുപടി കൊടുത്തത്. അപർണ ഗോപിനാഥ്, രചന നാരായണൻകുട്ടി തുടങ്ങിയവരും കമന്റുകളുമായി എത്തിയിട്ടുണ്ട്.