നൂറ് കോടിയോളം രൂപയുടെ വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന മോഹൻലാൽ – പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിലെ സിംഹത്തെ കുറിച്ചുള്ള ഓരോ വാർത്തകളും ആവേശം ജനിപ്പിക്കുന്നതാണ്. അതിൽ ഏറ്റവും പുതിയതായി പുറത്തുവന്ന ഒന്നാണ് ചിത്രത്തിലെ പ്രണവിന്റെ വേഷം. കുഞ്ഞാലി മരക്കാറുടെ ചെറുപ്പക്കാലമാണ് പ്രണവ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എന്തുകൊണ്ടാണ് പ്രണവിനെ ആ കഥാപാത്രത്തിലേക്കായി പരിഗണിച്ചതെന്ന് സംവിധായകൻ പ്രിയദർശൻ വെളിപ്പെടുത്തുന്നു. മോഹൻലാലിന്റെ ചെറുപ്പകാലമായി പ്രണവ് തന്നെ വരുമ്പോൾ പ്രേക്ഷകർക്കു ആ കഥാപാത്രത്തിന്റെ വളർച്ച കൂടുതൽ വിശ്വസനീയമായി തോന്നും എന്നതാണ് അതിനു കാരണമെന്നു അദ്ദേഹം പറയുന്നു.വെറും രണ്ടു റീലിൽ മാത്രമേ പ്രണവ് ഈ ചിത്രത്തിൽ ഉണ്ടാവു എന്നും പ്രിയദർശൻ അറിയിച്ചു. ചിത്രത്തിന്റെ ആദ്യ പകുതിയിൽ ആവും പ്രണവ് പ്രത്യക്ഷപ്പെടുക. ഈ കഥാപാത്രം നീ തന്നെ ചെയ്യണമെന്ന് താൻ പ്രണവിനോട് പറയുകയായിരുന്നു എന്നും, അത് കേട്ടപ്പോൾ പ്രണവ് തന്നെ നോക്കി പുഞ്ചിരിക്കുക മാത്രമാണ് ഉണ്ടായതെന്നും പ്രിയദർശൻ പറയുന്നു. ചെറുപ്പം മുതലേ തന്നെ നന്നായി അറിയാവുന്ന പ്രണവ് താൻ പറയുന്നത് അനുസരിക്കാതെ ഇരിക്കില്ല എന്നും പ്രിയദർശൻ സന്തോഷത്തോടെ പറയുന്നു. പിന്നെ അച്ഛന്റെ ചെറുപ്പം മകൻ അവതരിപ്പിക്കുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്ന ആവേശവും പ്രണവിനെ ഈ വേഷം ചെയ്യാൻ ക്ഷണിക്കുന്നതിൽ നിർണ്ണായകമായിട്ടുണ്ട്.
രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാനം നിർവഹിക്കുന്ന റൊമാന്റിക് ആക്ഷൻ ത്രില്ലറാണ് അടുത്തതായി പ്രണവ് അഭിനയിക്കുവാൻ പോകുന്ന ചിത്രം. ആ സിനിമയുടെ ചിത്രീകരണത്തിന് ശേഷമേ പ്രണവ് മരക്കാറിൽ ജോയിൻ ചെയ്യുകയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. നവംബർ ആദ്യവാരത്തോട് കൂടി മരക്കാർ അറബിക്കടലിന്റെ സിംഹം ചിത്രീകരണം ആരംഭിക്കും.