രാജാധി രാജ, മാസ്റ്റർപീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി- അജയ് വാസുദേവ് ടീം ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ചിത്രം ക്രിസ്മസ് റിലീസ് ആയി തീയേറ്ററുകളിൽ എത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഗുഡ് വിൽ എന്റർടൈന്മെന്റ് എന്ന ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്നാണ്.
ജോബി ജോർജ് ഷൈലോക്കിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പറഞ്ഞ ഒരു കമന്റ് ആരാധകർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.
ഷൈലോക്ക് എന്ന ചിത്രം ഒരു വലിയ വിജയം ആവും എന്ന രീതിയിൽ ഒരു മമ്മൂട്ടി ആരാധകൻ കമന്റ് ഇട്ടപ്പോൾ ഇതിനു മുൻപ് പരുന്ത് എന്ന ഒരു ചിത്രത്തിൽ മമ്മൂട്ടി പലിശക്കാരൻ ആയി അഭിനയിച്ച കാര്യവും ആ ചിത്രം ബോക്സ് ഓഫീസിൽ ചലനം ഉണ്ടാക്കാതെ പോയ കാര്യവും ഓർമ്മിപ്പിച്ചു കൊണ്ട് മറ്റൊരാൾ അവിടെ കമന്റ് ചെയ്തു.
ഇതിന് മറുപടി ആയി ജോബി ജോർജ് പറഞ്ഞത് ഷൈലോക്ക് എന്ന ഈ പലിശക്കാരൻ പരുന്തിനും മുകളിൽ പറക്കും എന്നും ഇല്ലെങ്കിൽ താൻ ഈ പണി നിർത്തും എന്നുമാണ്. ചിത്രത്തിൽ നിർമാതാവിനുള്ള ആത്മവിശ്വാസമാണ് ഈ വാക്കുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ നിറഞ്ഞ ആകാംഷയോടെ ആണ് മമ്മൂട്ടി ആരാധകർ ഈ വാക്കുകൾ ഏറ്റെടുത്തത്. ഷൈലോക്ക് എന്ന ചിത്രത്തിൽ തമിഴ് നടൻ രാജ് കിരൺ, പ്രശസ്ത നടി മീന എന്നിവർ ഉൾപ്പെടെ വലിയ താര നിരതന്നെ അണിനിരക്കുന്നുണ്ട്. കലാഭവൻ ഷാജോൻ ആണ് ഈ ചിത്രത്തിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത്.