Saturday, October 24

‘പലരുമെന്നെ മേനോനെ എന്നാണ് വിളിക്കാറ്. ഇനി രാജേഷേ എന്ന് വിളിച്ചാല്‍ മതി’ പൊള്ളുന്ന പ്രളയാനുഭവം

Pinterest LinkedIn Tumblr +

പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ ജാതി മത ഭേദമില്ലാതെ ഒന്നിച്ച് നിന്ന് പോരാടിയവരാണ് നമ്മൾ മലയാളികൾ. ഒരു പക്ഷേ ഒരു തിരിച്ചറിവിന്റെ വാതിൽ കൂടി ഈ പ്രളയം നമുക്കായി തുറന്നു തന്നുവെന്നറിയാം. അത്തരമൊരു പൊള്ളുന്ന പ്രളയാനുഭവമാണ് രാജേഷ് മേനോൻ മലയാള സിനിമയിലെ നിർമാണ കാര്യദർശിയുടെ ജീവിതത്തിൽ ഉണ്ടായത്. സുഹൃത്ത് വിവേക് മുഴക്കുന്നാണ് രാജേഷിന്റെ ഉള്ളിൽ തറക്കുന്ന പ്രളയാനുഭവം ഫേസ്ബുക്കിലൂടെ പുറം ലോകത്തെ അറിയിച്ചത്.

അമ്മു കരഞ്ഞു, പിന്നെ മേനോനും….
മഹാപ്രളയത്തില്‍ വേരറ്റ ജാതിക്കാലുകള്‍ !
–മലയാള സിനിമയ്ക്ക് പ്രിയപ്പെട്ടവനാണ് രാജേഷ് മേനോന്‍. തിരക്കുള്ള നിര്‍മാണ കാര്യദര്‍ശി. എപ്പോഴും ചിരിച്ചുമാത്രം കണ്ടിട്ടുള്ളയാള്‍. ഒരു പ്രളയദിനത്തിലെ ഇരുണ്ട പ്രഭാതത്തില്‍ രാജേഷിന്റെ കോള്‍. അയാള്‍ കരയുകയായിരുന്നു. വാക്കുകള്‍ മുറിയുന്നു. ‘അമ്മൂനെ രക്ഷിക്കണം. മരുമോളാ. അളിയനും പെങ്ങളും വെള്ളത്തില്‍പ്പെട്ടു. ടെറസിന്റെ മുകളിലാണ്. വെള്ളം കയറിക്കൊണ്ടിരിക്കുന്നു. മാമാ വിശന്നിട്ട് സഹിക്കാന്‍ പറ്റുന്നില്ല എന്നുംപറഞ്ഞ് മോള് വല്ലാതെ കരച്ചിലിലാ. എന്തെങ്കിലും ചെയ്തുതരണം. പലരെയും വിളിച്ചുകൊണ്ടിരിക്കുവാണ്….’
കാലടി മറ്റൂരിനടുത്ത് പ്രാരൂരാണ് വീട്. എസ്ബിഐ ഉദ്യോഗസ്ഥന്‍ ശ്രീകുമാറും ഭാര്യ നേവല്‍ ബേസ് ജീവനക്കാരി ഗീതയും മകള്‍ അമ്മു (പാര്‍വതി)വുമാണ് പ്രളയത്തില്‍പെട്ടിരിക്കുന്നത്. രാജേഷ് മേനോന്റെ കരച്ചില്‍ ഏല്‍പ്പിച്ച ആഘാതത്തില്‍ ഞങ്ങളും അടിയന്തര ഇടപെടല്‍ നടത്തി. കുത്തൊഴുക്കാണ്, ബോട്ടിനുപോലും പോകാന്‍ കഴിയില്ല. പെരിയാറില്‍ വെള്ളംകൂടിക്കൊണ്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുകയാണ് ….. ഉദ്യോഗസ്ഥരുടെ മറുപടികളില്‍ നിസ്സഹായത നിറയുന്നുണ്ടായിരുന്നു. പക്ഷെ, അതൊന്നും ആരെയും അറിയിച്ചില്ല. നിര്‍മാതാവ് ആന്റോ ജോസഫും ബാദുഷയുമൊക്കെ പലതവണ വിളിക്കുന്നുണ്ടായിരുന്നു. അവരുടെ ചോദ്യങ്ങളേക്കാള്‍ ഏറെ മുകളിലായിരുന്നു അപ്പോഴും െപരിയാറിലെ വെള്ളം…
പകല്‍ വെളുക്കാതെ വേദനയോടെ കടന്നുപോയി, പിന്നാലെ രാത്രിയും. ഇടയ്ക്ക് രാജേഷിന്റെ കോള്‍. എന്തുപറയണമെന്നറിയാതെ ഫോണെടുത്തു..”രക്ഷപ്പെട്ടു, എല്ലാവര്‍ക്കും നന്ദി. അമ്മൂം ചേച്ചീം അളിയനും ഇപ്പോ എന്റെ വീട്ടിലെത്തി. ഒന്നുംപറയാനില്ല. സന്തോഷം….” കോള്‍ മുറിഞ്ഞു. നിസ്സഹായരായിപ്പോയ ഞങ്ങളും കരഞ്ഞു, സന്തോഷത്തോടെ. രക്ഷപ്പെട്ടു എന്ന ഒറ്റവാക്കിലുണ്ടായിരുന്നു അതിജീവനത്തിന്റെ അത്യാഹ്ലാദം. എങ്കിലും ഒരു ചോദ്യം ബാക്കിയായി, എങ്ങനെ രക്ഷപ്പെട്ടു ?
അതിന്റെ ഉത്തരമായിരുന്നു അല്‍പംമുമ്പ് അവസാനിച്ച രാജേഷിന്റെ കോള്‍…”വിഷമമറിഞ്ഞ് പലരുംവന്നു. പക്ഷെ, ആര്‍ക്കും ഒന്നുംചെയ്യാനാകാത്ത അവസ്ഥ. എന്റെ പെങ്ങളല്ലേ, എനിക്ക് അനങ്ങാതിരിക്കാന്‍ പറ്റില്ലല്ലോ. രണ്ട് ട്യൂബും സംഘടിപ്പിച്ച് ബൈക്കില്‍ പെരുമ്പാവൂരെത്തിയപ്പോള്‍ നാലുപേര്‍ ഒപ്പംകൂടി. കഷ്ടപ്പെട്ട് നീന്തി തിരുവൈരാണിക്കുളത്തെത്തി. അവിടെ നാട്ടുകാര്‍ സഹായിച്ചു. നല്ല ഒഴുക്കും രണ്ടാള്‍പൊക്കം വെള്ളവും. പിന്നെ കാഞ്ഞൂര്‍ഭാഗത്തേക്ക് നീന്തി. അവിടെ അളിയന്റെ അനിയന്‍ ബാബൂനേം കൂട്ടി കാലടിയെത്തി. പിന്നെ എങ്ങോട്ടും പോകാന്‍ പറ്റാത്ത സാഹചര്യം. അപ്പോഴാണ് പാമ്പുകടിയേറ്റ ഒരാളെ കൊണ്ടുപോകാന്‍ ചെറിയ ബോട്ട് എത്തിയത്. ബഹളത്തിനിടെ അതിന്റെ പിന്നില്‍തൂങ്ങിനിന്ന് മറ്റൂരെത്തി. നീന്തലറിയാവുന്ന ചെറുപ്പക്കാരുടെ സഹായത്തോടെ പ്രാരൂരിലേക്ക്. അപ്പോഴേക്കും പൂര്‍ണമായി മുങ്ങിയ വീട്ടില്‍നിന്നും നാട്ടുകാര്‍ അവരെ തൊട്ടടുത്തുള്ള പാതിമുങ്ങിയ വീടിന്റെ ടെറസിലേക്ക് മാറ്റിയിരുന്നു. ഹെലികോപ്റ്റര്‍ കാണുമ്പോഴൊക്കെ അളിയന്‍ കൈവീശി കാണിച്ചെങ്കിലും നിറയെ മരങ്ങളുള്ളതിനാല്‍ അവര്‍ക്കത് കാണാന്‍പറ്റിയില്ല. ടെറസില്‍കിടന്ന ഒരു നീല കവര്‍ ഉയര്‍ത്തിക്കാട്ടിയപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധ കിട്ടിയത്. അതാണ് രക്ഷയായത്.”
നീന്തിയും നിരങ്ങിയുമുള്ള യാത്രയ്ക്കിടയില്‍ രാജേഷ് മേനോന്‍ പലമുഖങ്ങള്‍ കണ്ടു. അവരൊക്കെയും രാജേഷിനുനേരെ സഹായത്തിന്റെ കൈനീട്ടി. തളര്‍ന്നുവീണപ്പോള്‍ ചിലര്‍ കട്ടന്‍ചായയും ബിസ്കറ്റും തന്നു. അവിടെ ജാതിയില്ല, മതമില്ല. സാധാരണക്കാരനെന്നോ സിനിമാക്കാരനെന്നോ നോട്ടമില്ല. ഒരേ ഭാവമായിരുന്നു അവര്‍ക്കെല്ലാം, ഒരേ വേദനയായിരുന്നു അവര്‍ക്കെല്ലാം. പ്രളയബാക്കിയില്‍ രാജേഷ് ഇങ്ങനെ ആവര്‍ത്തിക്കുന്നു, ” പലരും എന്നെ മേനോനെ എന്നാണ് വിളിക്കാറ്. ഇനി രാജേഷേ എന്ന് വിളിച്ചാല്‍ മതി. അതാണ്, അതുമാത്രമാണ് എന്നെ സന്തോഷിപ്പിക്കുക….”
ഒഴുകിപ്പോകേണ്ട ചിലത് ഒഴുകിപ്പോവുക തന്നെ ചെയ്യണം.
വിവേക് മുഴക്കുന്ന്.

“Lucifer”
Loading...
Share.

About Author

Leave A Reply