ഐസിസ് തീവ്രവാദി മൂസ റഹ്മാനായി ബോളിവുഡ് വെബ് സീരീസ് ദി ഫാമിലി മാനിൽ തിളങ്ങിയ നീരജ് മാധവിന് പ്രശംസകൾ അറിയിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ. ആമസോൺ പ്രൈം വീഡിയോയിൽ വെബ് സീരീസ് കണ്ട സംവിധായകൻ ഫേസ്ബുക്കിലാണ് ആശംസകൾ അറിയിച്ച് കുറിപ്പിട്ടത്. അദ്ദേഹത്തിന് നന്ദി അറിയിച്ച നീരജ് നമ്മുടെ ഇൻഡസ്ട്രിയിൽ നിന്നും ആദ്യമായി പബ്ലിക് കമന്റ് ഇട്ടത് അദ്ദേഹമാണെന്നും മറ്റുള്ളവർ കാണുമെന്നാണ് വിശ്വാസമെന്നും കൂട്ടിച്ചേർത്തു.
മനോജ് ബാജ്പേയ് സുപ്രധാന പ്രധാന കഥാപാത്രമായി എത്തിയ വെബ് സീരീസാണ് ദി ഫാമിലി മാൻ. മൂസ എന്ന് പേരുള്ള തീവ്രവാദി ആയാണ് നീരജ് വേഷമിടുന്നത്. പാക്ക് തീവ്രവാദികളും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗവും തമ്മിലുള്ള പോരാട്ടമാണ് സീരീസിൻ്റെ പ്രമേയം. ഗോ ഗോവ ഗോൺ, ഷോർ ഇൻ ദ സിറ്റി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത രാജ്, ഡികെ എന്നിവരാണ് ഫാമിലി മാൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഈ മാസം 20നു പുറത്തിറങ്ങിയ സീരീസ് ശ്രദ്ധ നേടിയിരുന്നു.