വിജയുടെ കരിയറിലെ ഒരു വൻ ഹിറ്റായി മാറിയിരിക്കുകയാണ് ബിഗിൽ. തമിഴ് ചിത്രങ്ങളിലെ ഏറ്റവും വലിയ ഹിറ്റ് എന്നതിലുപരി തമിഴ് സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നുകൂടിയാണ് ബിഗിൽ. സ്ത്രീശാക്തീകരണം പോലുള്ള വിഷയങ്ങൾ പ്രമേയമാക്കിയത് കൊണ്ട് ചിത്രത്തിന് സമൂഹത്തിൽ ഒരുപാട് പോസിറ്റീവ് ആയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചു. വിജയ് ഈ ചിത്രത്തിൽ ഡബിൾ റോളിലാണ് എത്തിയത്. രായപ്പൻ എന്ന അച്ഛൻ കഥാപാത്രത്തെയും മൈക്കിൾ എന്ന മകനെയും വിജയ് ഏറ്റവും ഭംഗിയായ രീതിയിൽ അവതരിപ്പിച്ചു.
രായപ്പൻ എന്ന അച്ഛൻ കഥാപാത്രം വളരെ കുറച്ചു നേരമേ ഉള്ളുവെങ്കിലും അത് ഏറെ പ്രശംസ നേടിയിരുന്നു. വിജയുടെ കരിയറിലെ ഏറ്റവും മികച്ച ഒരു കഥാപാത്രമാണ് രായപ്പൻ എന്നും ആ കഥാപാത്രത്തെ മാത്രം വച്ചുകൊണ്ട് ഒരു പുതിയ ചിത്രം വരും എന്നും സംവിധായകൻ അറ്റ്ലി പറഞ്ഞിരുന്നു. ഇന്നലെ ശിശുദിന പരിപാടിയിലും താരമായത് രായപ്പൻ എന്ന കഥാപാത്രവും തരംഗമായത് ബിഗിൽ എന്ന ചിത്രവുമാണ്. കോട്ടയം ജില്ലയിൽ നിന്നുള്ള ഒരു ശിശുദിന പരിപാടിയിൽ ഒരു കുട്ടി വിജയ്യുടെ രായപ്പൻ എന്ന കഥാപാത്രത്തെ അനുകരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആ കഥാപാത്രം ആയി, ബിഗിൽ പശ്ചാത്തല സംഗീതവും ഇട്ടു ആണ് ഒരു കുട്ടി ഫാൻസി ഡ്രസ്സ് മത്സരത്തിന് എത്തിയത്. ചിത്രത്തിലെ ഗാനങ്ങളും പല സീനുകളും പ്രേക്ഷകരുടെ ഇടയിൽ വലിയ ആഘോഷമാണ് ഉണ്ടാക്കുന്നത്.
വിജയ്യുടെ അറുപത്തിയഞ്ചാമതു ചിത്രം സൂപ്പർ ഹിറ്റായ വിജയ്- എ ആർ മുരുഗദോസ് ടീമിന്റെ തുപ്പാക്കിയുടെ രണ്ടാം ഭാഗം ആയിരിക്കും എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു എങ്കിലും ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ദളപതി 65 തുപ്പാക്കി 2 ആയിരിക്കില്ല എന്നാണ്. തടം എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കും വിജയ് അടുത്ത് അഭിനയിക്കുക. വിജയ് ഇപ്പോൾ ചെയ്യുന്ന ലോകേഷ് കനകരാജ് ചിത്രം അടുത്ത വർഷം ഏപ്രിൽ മാസത്തിലാണ് റിലീസ് ചെയ്യുന്നത്. അതിനു മുൻപ് തന്നെ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടാകും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.