അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കാലെടുത്ത് വെച്ച താരമാണ് കുഞ്ചാക്കോബോബൻ. 1997 ൽ ഫാസിൽ ഒരുക്കിയ ഈ ചിത്രം കുഞ്ചാക്കോ ബോബന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ആ ഒരൊറ്റ ചിത്രത്തോടെ അദ്ദേഹം ആരാധികമാരുടെ ചോക്ലേറ്റ് ബോയ് ആയി മാറി. പിന്നീടങ്ങോട്ട് താരത്തിന് നിരവധി അവസരങ്ങൾ ലഭിച്ചു. ഇപ്പോഴും താരത്തിന് നിരവധി ആരാധകരുണ്ട്. അന്നത്തെ ആരാധികമാരുടെ കൂട്ടത്തിൽ താനും ഒരു ആരാധിക ആയിരുന്നു എന്ന് അറിയിച്ചു കൊണ്ട് പ്രശസ്ത ഗായിക റിമി ടോമി പങ്കുവെക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. 20 വർഷങ്ങൾക്കു മുൻപ് കുഞ്ചാക്കോ ബോബന്റെ കയ്യിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങുന്നതിനായി നിരവധി പെൺകുട്ടികൾ അണിനിരന്നപ്പോൾ അതിലൊരാൾ താനായിരുന്നുവെന്ന് ഇപ്പോൾ ചൂണ്ടിക്കാണിക്കുകയാണ് റിമിടോമി. ചിത്രത്തെപ്പറ്റി റിമി ടോമി പറയുന്നത് ഇങ്ങനെയാണ്.
“നിറം ഇറങ്ങിയ സമയം. ചാക്കോച്ചൻ എന്നാൽ അന്ന് പെൺപിള്ളേരുടെ ഹരമായിരുന്നു. അന്ന് ഓട്ടോഗ്രാഫിനായി കാത്തു നിൽക്കുന്ന ഞാൻ. ഈ ഫോട്ടോ പത്രത്തിൽ വന്നപ്പോൾ പാലാ അൽഫോൻസാ കോളേജിൽ ഞാൻ വീണ്ടും ഒരു സ്റ്റാർ ആയി മാറി. ഈ ഫോട്ടോ ഇന്നലെ ചാക്കോച്ചൻ തന്നെയാണ് എനിക്ക് അയച്ചു തന്നത്.” ഗായിക എന്ന നിലയിൽ നിന്നും നടിയായും അവതാരകയായും ഉയർന്ന റിമി ടോമിയ്ക്ക് പിന്നീട് കുഞ്ചാക്കോബോബന്റെ അടുത്ത സുഹൃത്തായി മാറുവാനും സാധിച്ചു.