നിവിൻ പോളിയെ നായകനാക്കി ഗീതുമോഹൻദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മൂത്തോൻ. പ്രഖ്യാപിച്ചത് മുതൽ വാർത്തകളിൽ ഇടം പിടിച്ച ഈ ചിത്രം ഇപ്പോൾ വീണ്ടും വാർത്താപ്രാധാന്യം നേടുകയാണ്. ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റോഷൻ മാത്യു ആണ്.ആനന്ദം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച റോഷൻ പിന്നീട് നിരവധി ചിത്രങ്ങളിൽ ഭാഗമായിട്ടുണ്ട്. ഇപ്പോൾ റോഷനെ തേടി ഒരു മഹാഭാഗ്യം എത്തിയത് സോഷ്യൽ മീഡിയ വഴി തുറന്നു പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായക ഗീതു മോഹൻദാസ്.
മൂത്തോനിലെ ഹിന്ദി സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് ബോളിവുഡ് സംവിധായനായ അനുരാഗ് കശ്യപാണ്. ചിത്രത്തിലെ റോഷന്റെ അഭിനയം കണ്ട് തൻറെ അടുത്ത ബോളിവുഡ് ചിത്രത്തിലേക്ക് പ്രധാനകഥാപാത്രമായി റോഷനെ കാസ്റ്റ് ചെയ്തിരിക്കുകയാണ് അനുരാഗ് കശ്യപ് ഇപ്പോൾ. മലയാള സിനിമയിൽ ആർക്കും ലഭിക്കാത്ത മഹാഭാഗ്യം റോഷനെ തേടിയെത്തുകയായിരുന്നു. ഈ ചിത്രത്തിൻറെ ഷൂട്ടിംഗ് ഇന്ന് ആരംഭിക്കും. അമീർ എന്ന കഥാപാത്രമായാണ് റോഷൻ മൂത്തോനിൽ എത്തുന്നത്. ഇനിയും റോഷനെ തേടി നിരവധി ഭാഗ്യങ്ങൾ എത്തുമെന്നും ഇതൊരു തുടക്കം മാത്രമാണെന്നും ഗീതുമോഹൻദാസ് ഫേസ്ബുക്കിൽ കുറിച്ചു. അതോടൊപ്പം മൂത്തോൻ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുകയാണെന്നും ചിത്രം ഉടൻ തിയേറ്ററുകളിലെത്തും എന്നും ഗീതുമോഹൻദാസ് കൂട്ടിച്ചേർത്തു.