Monday, March 1

ആനി ഇറങ്ങിയത് ചക്ക പഴുത്തോന്ന് നോക്കാൻ..! ഷാജി കൈലാസ് ബോംബെക്ക് പോകാനും..!

Pinterest LinkedIn Tumblr +

1996 ജൂൺ 1നാണ് ഷാജി കൈലാസും ആനിയും വിവാഹിതരാകുന്നത്. ഇന്നലെ അവരുടെ ഇരുപത്തിരണ്ടാം വിവാഹവാർഷികമായിരുന്നു. ഇന്നും പ്രണയിച്ചുകൊണ്ടിരിക്കുന്ന ഈ ദമ്പതികൾക്ക് മൂന്ന് ആണ്‍മക്കളാണ് ജഗന്നാഥൻ, ഷാരോൺ, റോഷൻ. ചിത്രയെന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട ആനിയെ സ്വന്തമാക്കിയ കഥ ഷാജി കൈലാസ് തന്നെ പറയുന്നു.

“ഒരിക്കല്‍ പാച്ചിക്ക (ഫാസില്‍)യുടെ സിനിമയ്ക്കായി ഒരു നടിയെ തേടിയുള്ള അന്വേഷണം ചെന്നു നിന്നത് ‘അമ്മയാണെ സത്യം’ എന്ന സിനിമയുടെ ഡബ്ബിങിനിടയിലാണ്. അരുണാചലം സ്റ്റുഡിയോയില്‍ വച്ചാണ് ചിത്രയെ (ആനി) ഞാനാദ്യമായി നേരില്‍ക്കാണുന്നത്. അതിനുമുമ്പ് പല മാഗസിനുകളിലും കണ്ട ആ മുഖം പെട്ടെന്ന് എന്റെ മനസ്സില്‍ ഒരിടം നേടിയെന്ന് എനിക്കു തോന്നി. അതിനുശേഷമാണ് രുദ്രാക്ഷം എന്ന സിനിമയിലേക്ക് ഞാന്‍ ക്ഷണിക്കുന്നത്. ലൊക്കേഷനില്‍ പൊതുവെ ഞാന്‍ വളരെ കടുംപിടുത്തക്കാരനാണ്. ചിത്രയാണെങ്കില്‍ എല്ലാവരോടും ചിരിച്ചുകളിച്ച് തമാശ പറഞ്ഞുനടക്കുന്ന സ്വഭാവക്കാരിയും. പക്ഷേ എന്താണെന്നറിയില്ല അവളുടെ തമാശയും കളിയുമെല്ലാം അവളറിയാതെ ഞാനാസ്വദിക്കുന്നുണ്ടായിരുന്നു. എന്നെപ്പേടിച്ച് പലപ്പോഴും അവള്‍ മൂഡോഫായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു.

എന്നെ കാണുമ്പോഴുള്ള അവളുടെ മുഖഭാവങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. പേടി മാത്രമല്ല അവളുടെ കണ്ണുകളിലെ തിളക്കവും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പല നാടകീയസംഭവങ്ങള്‍ക്കിടയില്‍ പെട്ടെന്ന് ഷൂട്ടിങ് തീര്‍ന്നു.

അതിനിടയില്‍ ചിത്ര മറ്റു സിനിമകളില്‍ സജീവമായിരുന്നു. മഴയെത്തും മുന്‍പേ എന്ന സിനിമ ചിത്രയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് നേടിക്കൊടുത്തു. ഒന്ന് അഭിനന്ദിക്കണമെന്ന് എനിക്കു തോന്നി.

അവരുടെ വീട്ടിലെ ലാന്‍ഡ് ഫോണില്‍ വിളിച്ചപ്പോള്‍ അച്ഛനാണ് കോള്‍ എടുത്തത്. അദ്ദേഹത്തോട് ഞാന്‍ വിവരം പറഞ്ഞു. അദ്ദേഹം അവള്‍ക്ക് ഫോണ്‍ കൊടുത്തു. അവളുടെ കഴിവിനെ ഒരുപാട് സ്‌നേഹിച്ച വ്യക്തിയാണ് ഞാന്‍.

Shaji Kailas and Aannie

Shaji Kailas and Aannie

ഒരിക്കല്‍ ഞാനും രണ്‍ജിപണിക്കരും സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ചിത്രയെക്കുറിച്ച് പറഞ്ഞു. എനിക്ക് ചിത്രയെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്ന് പറഞ്ഞതുകേട്ട് രണ്‍ജിയുടെ ചിരി ഞാനിപ്പോഴും മറന്നിട്ടില്ല.
രണ്‍ജിപണിക്കര്‍ അപ്പോള്‍ത്തന്നെ ചിത്രയോട് കാര്യം പറഞ്ഞു. അവളില്‍ നിന്നും അനുകൂലമായ മറുപടിയാണ് കിട്ടിയത്. എന്നാല്‍ ഞങ്ങള്‍ ഒരിക്കല്‍പ്പോലും ഫോണില്‍ സംസാരിക്കുകയോ പരസ്പരം കത്തയയ്ക്കുകയോ ചെയ്തിട്ടില്ല. ഒരു ഗോസിപ്പുകളിലും ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് വന്നിട്ടില്ല.

ഒരിക്കല്‍ എന്തോ ആവശ്യത്തിനായി ചെന്നൈയ്ക്ക് പോകാന്‍ തയ്യാറായി വിമാനത്താവളത്തിലെത്തിയപ്പോള്‍ അവിടെ ചിത്രയെ കണ്ടു. ടിക്കറ്റ് നോക്കിയപ്പോള്‍ അടുത്തടുത്ത സീറ്റും. ചിത്രയെ കണ്ട നിമിഷം മുതല്‍ എന്റെ പെണ്ണായി സങ്കല്‍പ്പിച്ചിരുന്നു.

അവളോടുള്ള പ്രണയം തുറന്നുപറഞ്ഞ നിമിഷം മുതല്‍ അവളുടെ വിരലില്‍ അണിയിക്കാന്‍ ഒരു മോതിരവുമായാണ് നടക്കുന്നത്. ഫ്‌ളൈറ്റില്‍ കയറിയിരുന്നു. വിമാനം പറന്നുതുടങ്ങി. ഞാന്‍ ചിത്രയോടു വിരലുകള്‍ നീട്ടാന്‍ പറഞ്ഞു.

അവള്‍ അത്ഭുതത്തോടെ നോക്കി നില്‍ക്കേ ഞാനാ വിരലുകളില്‍ മോതിരമണിയിച്ചു. എന്നിട്ട് ”നമ്മുടെ വിവാഹനിശ്ചയം കഴിഞ്ഞു. ഇനി കല്യാണത്തിനു കാണാം” എന്നു പറഞ്ഞു.

Shaji Kailas and Aannie

Shaji Kailas and Aannie

ഇതേസമയം ഇതിലും വലിയ നാടകീയരംഗങ്ങളാണ് എന്റെ വീട്ടില്‍ അരങ്ങേറിക്കൊണ്ടിരുന്നത്. എന്നെ എങ്ങനെയെങ്കിലും പിടിച്ച് കെട്ടിച്ചേ മതിയാകൂ എന്ന തീരുമാനത്തിലായിരുന്നു അമ്മ ജാനകി.
ഒരു ഞായറാഴ്ച പകല്‍ സ്‌റ്റെയര്‍ കേസിറങ്ങി വരുമ്പോള്‍ ഡൈനിംഗ് ടേബിളില്‍ വിവിധ പോസുകളിലുള്ള പല പെണ്‍കുട്ടികളുടെ ഫോട്ടോ. അതിനുമുമ്പില്‍ ഏത് സെലക്ട് ചെയ്യണമെന്ന ടെന്‍ഷനില്‍ നില്‍ക്കുന്ന അമ്മ. അപ്പോള്‍ത്തന്നെ കാര്യം മനസ്സിലായി.

ടീപ്പോയില്‍ കിടന്ന മാഗസിനെടുത്ത് അമ്മയുടെ കൈയില്‍ കൊടുത്ത് അതിലെ 18ാം പേജില്‍ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയുണ്ട്. അതിഷ്ടമായോ എന്നു പറയാന്‍ പറഞ്ഞു. അമ്മയ്ക്ക് ചിത്രയെ ഒരുപാടിഷ്ടമായി.

കുറച്ച് ദിവസങ്ങള്‍ക്കു ശേഷം ഒരു സിനിമയുടെ ആവശ്യത്തിനായി ബോംബെയില്‍ പോവുകയാണെന്നു പറഞ്ഞ് ബാഗുമായി വീട്ടില്‍ നിന്നിറങ്ങി. പക്ഷേ എന്റെ വണ്ടി വന്നു നിന്നത് ചിത്രയുടെ വീടിന്റെ പുറകിലാണ്.

ആ സമയം ചക്ക പഴുത്തോ എന്നു നോക്കാനെന്ന വ്യാജേന എന്നെയും നോക്കി പറമ്പില്‍ കാത്തിരിക്കുകയായിരുന്നു ചിത്ര. അവിടുന്ന് അവളെയും കൂട്ടി നേരെ പോയത് സുരേഷ്‌ഗോപിയുടെ വീട്ടിലേക്കും. ഞങ്ങളെ ഒരുമിച്ച് കണ്ടപ്പോള്‍ സുരേഷ്‌ഗോപിക്ക് കാര്യം മനസ്സിലായില്ല.

വിവരങ്ങളെല്ലാം ഞാന്‍ തുറന്നുപറഞ്ഞു. അപ്പോഴാണ് ഞങ്ങള്‍ പ്രണയത്തിലാണെന്ന് സുരേഷ്‌ഗോപി അറിയുന്നത്. അവിടെ വച്ചാണ് ഞങ്ങളുടെ റജിസ്റ്റര്‍ വിവാഹം നടക്കുന്നത്.

രണ്‍ജിപണിക്കരാണ് പ്രസ്മീറ്റ് നടത്തി വിവാഹക്കാര്യം പുറത്തറിയിക്കുന്നത്. വേണുനാഗവള്ളി, മണിയന്‍പിള്ള രാജു, ജഗദീഷ് എന്നിവരാണ് എന്റെയും ചിത്രയുടെയും വീട്ടില്‍ വിവാഹക്കാര്യം അറിയിച്ചത്. എന്റെ അച്ഛന് അന്നൊരുപാട് സങ്കടം വന്നു.

അച്ഛന്‍ കുറേസമയം ഒന്നും മിണ്ടിയില്ല. കണ്ണു രണ്ടും നിറഞ്ഞ് അദ്ദേഹം പറഞ്ഞു ”അവന് ഇങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നെങ്കില്‍ എന്നോട് പറയാമായിരുന്നു. ഒരു മകന്റെ വിവാഹം മുന്നില്‍ നിന്ന് നടത്തുക അച്ഛന്റെ കടമയാണ്.

അതിനുള്ള അവസരം എനിക്കവന്‍ തന്നില്ല.” ആ വാക്കുകള്‍ എന്നെയേറെ വേദനിപ്പിച്ചു. ഞങ്ങള്‍ വീട്ടില്‍ വന്നപ്പോള്‍ യാതൊരു പരിഭവവും കൂടാതെയാണ് അച്ഛനും അമ്മയും ഞങ്ങളെ സ്വീകരിച്ചത്. ചിത്രയുടെ നിര്‍ബന്ധംകൊണ്ട് പിറ്റേദിവസം വീടിനടുത്തുള്ള ദേവീക്ഷേത്രത്തില്‍ വച്ച് അവളെ ഞാന്‍ വീണ്ടും വിവാഹം കഴിച്ചു. അധികം താമസിക്കാതെ ചിത്രയുടെ വീട്ടുകാരുടെയും പിണക്കം മാറി.”

കടപ്പാട്: വനിത മാഗസിൻ

teevandi enkile ennodu para
Loading...
Share.

About Author

Leave A Reply