മെഗാസ്റ്റാർ മമ്മൂക്കയുടെ ആരാധകർക്കും പ്രേക്ഷകർക്കും ഒരേ പോലെ കാത്തിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. രാജാധിരാജ, മാസ്റ്റർ പീസ് എന്നീ ചിത്രങ്ങൾക്കു ശേഷം അജയ് വാസുദേവും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ സ്ക്രിപ്റ്റിലെ പുതുമയാണ് സിനിമയുടെ ഹൈലൈറ്റ് എന്ന് തുറന്നു പറയുകയാണ് സംവിധായകനായ അജയ് വാസുദേവ്. മാസ് ആക്ഷൻ എന്റർടെയ്നേർ ആയാണ് ചിത്രം എത്തുക.ചിത്രത്തിന്റെ ടീസർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഡിസംബർ 20ന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് അജയ് വാസുദേവ് സംവിധാനം നിർവഹിക്കുന്ന ഷൈലോക്ക്. എന്നാൽ മാമാങ്കത്തിന്റെ റിലീസ് തീയതിയിൽ മാറ്റം വന്നതോടെ ഷൈലോക്ക് നീട്ടുകയായിരുന്നു. ജനുവരി 23നാണ് ചിത്രമെത്തുക. ബിബിൻ മോഹനും അനീഷ് ഹമീദും തിരക്കഥയൊരുക്കുന്ന ഷൈലോക്ക് പക്കാ മാസ്സ് എന്റർടൈനറായിട്ടാണ് എത്തുന്നത്. തമിഴ് – മലയാളം ഭാഷകളിൽ ഒരേ സമയം ഒരുങ്ങുന്ന ചിത്രത്തിന് തമിഴിൽ കുസേലൻ എന്നാണ് പേര്. തമിഴ് സീനിയർ താരം രാജ് കിരൺ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ഗുഡ്വിൽ എന്റർടൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമിക്കുന്ന ചിത്രത്തിൽ മീന, ബിബിൻ ജോർജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവൻ ഷാജോൺ, അർത്ഥന ബിനു തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.