ജോസഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിലെ ഗംഭീര പ്രകടനത്തോടെ മലയാളത്തിലെ തിരക്കേറിയ നടൻ ആയി കഴിഞ്ഞ താരമാണ് സുധി കോപ്പ. താരത്തിനുള്ളിലെ അഭിനയ പ്രതിഭയെ പുറത്തു കൊണ്ട് വന്ന ചിത്രങ്ങൾ ആയിരുന്നു അവ. താരമിപ്പോൾ മലയാള സിനിമയെ കുറിച്ച് മനസ്സ് തുറക്കുകയാണ്. പുതിയ കാലഘട്ടത്തിലെ മലയാള സിനിമയിലെ സംവിധായകരും ഇവിടുത്തെ പ്രേക്ഷകരുമെല്ലാം ഒരുപാട് മാറി എന്നാണ് സുധിയുടെ അഭിപ്രായം.
കഥാപാത്രത്തിന് ചേരുന്ന കലാകാരന്മാരെ കണ്ടെത്തി അഭിനയിപ്പിക്കാൻ സംവിധായകർക്ക് അറിയാം എന്നും അവർക്ക് എന്താണ് വേണ്ടത് എന്ന കാര്യത്തെ കുറിച്ച് കൃത്യമായ ധാരണയുണ്ട് എന്നും സുധി പറഞ്ഞുവക്കുന്നു. ഓസ്കാർ നേടാൻ കഴിവുള്ള ഒരു വ്യക്തി ആയിട്ടാണ് ലിജോ ജോസ് പെല്ലിശ്ശേരിയെ സുധി കാണുന്നത്. മറ്റ് ഭാഷകളിലേതു പോലെ വലിയ ബജറ്റ് നൽകിയാൽ ലിജോ എപ്പോൾ ഓസ്കാർ അടിച്ചു എന്ന് ചോദിച്ചാൽ മതി എന്നാണ് താരം പറയുന്നത്. നമ്മുടെ പ്രേക്ഷകർ ഇന്ന് അളന്നുമുറിച്ചു സിനിമ കാണുന്നവരാണ് എന്നും ലോക നിലവാരത്തിലുള്ള സിനിമ കാണുന്ന അവരെ എന്തെങ്കിലും ഗിമ്മിക്ക് കാണിച്ചു കബളിപ്പിക്കാൻ കഴിയില്ല എന്ന കാര്യവും താരം പങ്കുവച്ചു.