പ്രളയ കെടുതിയിൽ നിന്നും കര കയറുന്ന കേരളത്തിലെ ജനങ്ങൾക്കായി വീണ്ടും സഹായമേകി സണ്ണി ലിയോൺ. ഇനിയും വെളിപ്പെടുത്തിയിട്ടില്ലാത്ത ഒരു നല്ല തുക സംഭാവനയായി നൽകിയിരുന്ന സണ്ണി ലിയോൺ 1200 കിലോ അരിയും പരിപ്പുമാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. യഥാർത്ഥത്തിൽ ആവശ്യമുള്ളതിനെ അപേക്ഷിച്ചു നോക്കുമ്പോൾ ഇത് ഒന്നുമാകില്ലെന്ന് പറഞ്ഞ സണ്ണി ഇനിയും കൂടുതൽ സഹായങ്ങൾ ചെയ്യുവാൻ ആഗ്രഹിക്കുന്നുവെന്നും വെളിപ്പെടുത്തി. നേരത്തെ 5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സണ്ണി ലിയോൺ സംഭാവന ചെയ്തിരുന്നുവെന്ന് റിപ്പോർട്ടുകൾ വരികയും നടി അത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എങ്കിലും എത്രയാണ് നൽകിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല.