2011 ലാണ് പൃഥ്വിരാജ് സുകമാരൻ സുപ്രിയ മേനോനെ വിവാഹം ചെയ്തത്. എട്ട് വർഷങ്ങൾക്കു ഇപ്പുറം അദ്ദേഹം 50 കോടി ക്ലബ്ബിൽ ഇടം നേടിയ നിർമ്മാതാവും, സംവിധായകനും നടനും എന്ന ഖ്യാതി കൂടി സ്വന്തമാക്കി. എന്നാൽ അതിനു പിന്നിൽ പൃഥ്വിയുടെ കുടുംബത്തിന്റെ ഒരുപാട് ത്യാഗ കഥകൾ കൂടിയുണ്ട്. ലൂസിഫറും നയനും കൈയടക്കിയത് സുപ്രിയക്കും മകൾ അലംകൃതക്കും ലഭിക്കാമായിരുന്ന കുറെയേറെ നിമിഷങ്ങളായിരുന്നു. അടുത്തിടെ മോഹൻലാൽ ചിത്രങ്ങളായ ലൂസിഫർ, ഒടിയൻ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന ചിത്രങ്ങളുടെ വിജയാഘോഷം നടന്ന വേളയിലാണ് സുപ്രിയ അതേപ്പറ്റി മനസ്സുതുറന്നത്.
പല വൈകുന്നേരങ്ങളിലും താൻ പൃഥ്വിയുടെ രണ്ടാം ഭാര്യയായ ലൂസിഫറിന്റെ തിരക്കഥാകൃത്ത് മുരളി ഗോപിയെ ചൊല്ലി വഴക്കിടുമായിരുന്നു എന്ന് സുപ്രിയ ഇപ്പോൾ പറയുകയാണ്. അത്രയേറെ സമയം പൃഥ്വി സിനിമ എന്ന സപര്യക്കായി ചെലവഴിച്ചിരുന്നു എന്ന് പറയുന്നതിനോട് ഒപ്പം നടനിൽ നിന്നും പൃഥ്വി എന്ന ഭർത്താവ് സംവിധായകനായും നിർമ്മാതാവായും വളർന്നതിലുള്ള തന്റെ സന്തോഷവും സുപ്രിയ സദസ്സിനോട് പങ്കു വയ്ക്കുകയുണ്ടായി.