മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിൽ തമിഴ് നടി രമ്യ പാണ്ഡ്യനും. രമ്യയുടെ മലയാളത്തിലെ ആദ്യചിത്രം കൂടിയാണ് ഇത്. സിനിമയുടെ ചിത്രീകരണം പഴനിയിൽ പുരോഗമിക്കുകയാണ്. ദ്വിഭാഷ ചിത്രമായാണ് ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രം തയ്യാറാകുന്നത്.
‘മമ്മൂട്ടി കമ്പനി’ എന്ന പേരിലുള്ള പുതിയ നിർമാണ കമ്പനിയുടെ പേരിലാണ് നിർമാണം. നർമത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. പൂർണമായും തമിഴ്നാട്ടിൽ ചിത്രീകരിക്കുന്ന സിനിമ മലയാളത്തിലും തമിഴിലുമായാണ് ഒരുക്കുന്നത്. രണ്ട് ഭാഷകളിലെയും പുതിയ താരങ്ങൾ ആയിരിക്കും ചിത്രത്തിൽ അഭിനേതാക്കളായി എത്തുക.
പേരൻപ്, പുഴു എന്നീ സിനിമകൾ ഷൂട്ട് ചെയ്ത തേനി ഈശ്വറാണ് ക്യാമറ. ചിത്രത്തിൽ അശോകനും ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. ലിജോയുടേതാണ് കഥ. തിരക്കഥ ഒരുക്കുന്നത് പ്രമുഖ കഥാകൃത്ത് ആയ എസ് ഹരീഷാണ്. ചുരുളിയുടെ തിരക്കഥയും എസ് ഹരീഷിന്റേതാണ്.