മമ്മൂട്ടി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. പാന്‍ ഇന്ത്യന്‍ റിലീസ് ആയിട്ടായിരിക്കും ചിത്രം എത്തുക. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അഖില്‍ അക്കിനേനിയും മമ്മൂട്ടിയും നേര്‍ക്കുനേര്‍ എത്തുമെന്നുള്ള സൂചനയാണ് ടീസര്‍ നല്‍കുന്നത്.
സുരേന്ദര്‍ റെഡ്ഢിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹിപ്ഹോപ്പ് തമിഴയാണ് സംഗീതം നല്‍കുന്നത്. ചിത്രത്തില്‍ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഏജന്റ്’. രാകുല്‍ ഹെരിയന്‍ ആണ് ഛായാഗ്രഹണം. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ‘ഏജന്റ്’.
രണ്ടായിരത്തി പത്തൊമ്പതില് പുറത്തിറങ്ങിയ ‘യാത്ര’യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം ആവിഷ്കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു. 2004 നിയമസഭാ തെരഞ്ഞെടുപ്പില്‍, ചിത്രത്തിലില്ലാതിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈഎസ്ആര്‍ നടത്തിയ 1475 കി.മീ. നീണ്ട പദയാത്രയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ചിത്രം.