Wednesday, February 24

തമാശയാക്കേണ്ടതല്ല ഈ തമാശ; വായിക്കാം വിനയ് ഫോർട്ട് ചിത്രം തമാശയുടെ റിവ്യൂ [REVIEW]

Pinterest LinkedIn Tumblr +

നിറം കൊണ്ടും ഉയരം കൊണ്ടും ആകാരം കൊണ്ടും മനുഷ്യർ പരിഹാസിതരാകുന്ന ഈ കാലത്ത് സീരിയസ് ആയിട്ടു സമീപിക്കേണ്ട ഒരു ‘തമാശ’യെയാണ് അഷ്റഫ് ഹംസ പെരുന്നാൾ സമ്മാനമായി മലയാളികൾക്ക് നൽകിയിരിക്കുന്നത്. ബോഡി ഷെയിമിങ്ങിനെതിരെ ഘോരഘോരം പ്രസംഗിക്കുമ്പോഴും അക്കാര്യത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ല എന്ന സത്യത്തിലേക്കാണ് സംവിധായകൻ തന്നെ കഥാകാരനുമായ തമാശ എന്ന ഈ ചിത്രം വിരൽ ചൂണ്ടുന്നത്. സുഡാനി ഫ്രം നൈജീരിയ എന്ന പക്കാ ഫീൽ ഗുഡ് ചിത്രം സമ്മാനിച്ച ഹാപ്പി അവേഴ്‌സ് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ സമീർ താഹിർ, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് എന്നിവർ ചേർന്നാണ് തമാശ നിർമിച്ചിരിക്കുന്നത്.വിനയ് ഫോർട്ടിന്റെ കരിയർ ബ്രേക്ക് കഥാപാത്രമെന്ന് നിസംശയം പറയാവുന്ന ശ്രീനിവാസൻ മാഷ് എന്ന കഥാപാത്രത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. 31 വയസ്സുകാരനായ മലയാളം കോളേജ് അധ്യാപകനാണ് ശ്രീനിവാസൻ മാഷ്. സൗമ്യനും, എല്ലാവരാലും ബഹുമാനിക്കപ്പെടുന്നതുമായ ശ്രീനി മാഷിന്റെ കഷണ്ടി ആർക്കൊക്കെയോ വലിയ പ്രശ്നമാണ്. അത് തന്നിലേക്ക് ഉൾവലിയാൻ ശ്രീനി മാഷിനെ ഇടയാക്കുന്നു. സിനിമയിൽ ഉടനീളം ശ്രീനിയുടെ മനോവ്യാപാരങ്ങളിലൂടെ പ്രേക്ഷകനെ സഞ്ചരിപ്പിക്കുവാൻ വിനയ് ഫോർട്ട് എന്ന നടന് സാധിച്ചു എന്നതാണ് തമാശയെ കാര്യമാക്കുന്നത്. ശ്രീനി മാഷ് എന്ന കഥാപാത്രമായി തീരുവാൻ നല്ല രീതിയിൽ തന്നെ വിനയ് ഫോർട്ട് അധ്വാനിച്ചിട്ടുണ്ട് എന്നത് ഒരു ‘തമാശ’യല്ല എന്ന് അദ്ദേഹത്തിന്റെ അഭിനയം ഉറപ്പ് തരുന്നുണ്ട്. വിനയ് ഫോർട്ടിന്റേതായ മാനറിസങ്ങളും ശൈലികളും നിറഞ്ഞു നിൽക്കുമ്പോൾ ശ്രീനി മാഷിനായി പ്രേക്ഷകർ മനം നിറഞ്ഞു കൈയ്യടിക്കുകയാണ്.

മൂന്ന് നായികമാരാണ് ചിത്രത്തിൽ ശ്രീനി മാഷിന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. ചിന്നുവായെത്തിയ ചിന്നു നായരുടെ പ്രകടനമാണ് അതിൽ എടുത്തു പറയേണ്ടത്. വിരൽ തുമ്പിലുള്ള സോഷ്യൽ മീഡിയയാണ് യഥാർത്ഥ ലോകമെന്നും അവിടെ ആരെയും എന്തും പറയാമെന്നും അവിടെ താൻ മാത്രമാണ് രാജാവെന്നും കരുതുന്ന മഹാന്മാർക്ക് കണക്കിന് കൊടുക്കുന്നുണ്ട് ചിത്രം. അങ്ങനെയുള്ളവരെ പരിഹസിക്കുമ്പോഴും ഇരയാക്കപ്പെടുന്നവരുടെ മാനസിക സ്ഥിതിയെ ശക്തിപ്പെടുത്തേണ്ട ആവശ്യകതയേയും ചിത്രം പറഞ്ഞു വെക്കുന്നുണ്ട്.ഓരോ അഭിനേതാക്കളും അവരുടേതായ ഭാഗങ്ങളെ മനോഹരമാക്കാൻ മത്സരിച്ചു തന്നെ മുന്നിട്ട് നിന്നപ്പോൾ മനോഹരമായ ഗാനങ്ങളും മികച്ച ക്യാമറ വർക്കുകളും തമാശയെ കൂടുതൽ ഹൃദ്യമാക്കി. അറിയാതെ ആണെങ്കിൽ പോലും മറ്റൊരുവനെ അവന്റെ നിറത്തിന്റെ പേരിലോ ഉയരത്തിന്റെ പേരിലോ മറ്റേതെങ്കിലും കാരണത്താലോ കളിയാക്കിയിട്ടുള്ളവരാണ് നാമെല്ലാവരും. ചിലപ്പോൾ അത്തരത്തിൽ പരിഹാസിതനാകേണ്ടി വന്നവനോ വന്നവളോ ആകാം നാം. അതു കൊണ്ടു തന്നെ കാര്യമായി എടുക്കേണ്ട ഈ തമാശ നമ്മുടെ ജീവിത കഥ കൂടി തന്നെയാണ്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.