Thursday, October 1

“ഇനി പേടിക്കേണ്ട ഓൻ വന്നു ഇനി എല്ലാരേം ശരിയാക്കി കൊളളും..!” ബാബു ആന്റണി നിറഞ്ഞു നിന്ന ആക്ഷൻ കാലഘട്ടത്തിന്റെ ഒരു ഓർമ്മക്കുറിപ്പ്

Pinterest LinkedIn Tumblr +

ഒരു കാലഘട്ടത്തിൽ മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ വമ്പൻ ഓളം സൃഷ്‌ടിച്ച തന്റെ കിടിലൻ ആക്ഷൻ രംഗങ്ങളിലൂടെ യുവാക്കളുടെ ഇടയിൽ സൂപ്പർ താരമായി മാറിയ വ്യക്തിയായിരുന്നു ബാബു ആന്റണി. പിന്നീട് വില്ലൻ വേഷത്തിലും തിളങ്ങിയ ബാബു ആന്റണി ഒരിടവേളക്ക് ശേഷം പ്രശസ്ത സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്യാൻ പോകുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായ പവർ സ്റ്റാറിലൂടെ നായകനായി മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.

ഭരതൻ ചിത്രമായ ചിലമ്പിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ബാബു ആന്റണി കൂടുതലും വില്ലൻ വേഷങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. ഭരണകൂടം, ഗാന്ധാരി, ചന്ത, ദാദ, കടൽ, കമ്പോളം തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ അസാമാന്യ ആക്ഷൻ രംഗങ്ങൾ അന്ന് കാണികളെ ചെറുതായിട്ടൊന്നുമല്ല ത്രസിപ്പിച്ചിട്ടുള്ളത്. കാലഘട്ടത്തിന്റെ ഓർമ്മകൾ നിറഞ്ഞൊരു ഫേസ്ബുക്ക് കുറിപ്പ് ഇപ്പോൾ വൈറലായിരിക്കുകയാണ്. ബാബു ആന്റണി തന്റെ പേജിലൂടെ അത് ഷെയർ ചെയ്‌തിട്ടുമുണ്ട്‌.

#ആക്ഷൻ_രാജാവ്:#ബാബു_ആന്റണി ❣️

#ഓർമ്മകുറിപ്പ്

ലോക്ക് ഡൗൺ കാരണം മുഴുവൻ
സമയവും വീട്ടിലിരിക്കുന്നതിന്റെ
വിരസത മാറ്റാൻ ഞാൻ കൂടുതലും ആശ്രയിച്ചത് പുസ്തകങ്ങളെയും ടെലിവിഷനെയുമാണ്.
കഴിഞ്ഞ ദിവസം സൂര്യ ടിവിയിൽ ബാബു ആന്റണി നായകനായ രാജധാനി എന്ന സിനിമ കണ്ടിരുന്നു.രാജധാനി സിനിമ കണ്ടതിന് ശേഷം കുട്ടികാലത്തെ സിനിമാ ഓർമ്മകളെ ഞാൻ റീകമ്പോസ് ചെയ്യാൻ ശ്രമിച്ചു.സിനിമയുടെ കലാമൂല്യത്തെ കുറിച്ചും
സിനിമയുടെ മറ്റ് തലങ്ങളെ പറ്റിയും ഒരു ധാരണയും ഇല്ലാത്ത കാലത്ത്
തിയ്യേറ്ററുകളിൽ പോയി സിനിമ
കാണാനുളള അവസരങ്ങൾ ധാരാളം ഉണ്ടായിരുന്നു.അച്ഛന്റെയും അമ്മയുടെയും കൂടെ ഞാനും ഏട്ടനും തലശ്ശേരിവരെ പോയി സിനിമ കാണാറുണ്ട്.
മോഹൻ ലാലിന്റെ ദൗത്യവും
മൂന്നാം മുറയും കണ്ടതിന് ശേഷം
ആക്ഷൻ സിനിമകളോട് ചെറുപ്പത്തിലെ വലിയ ആഭിമുഖ്യമുണ്ടായിരുന്നു.
സിനിമ കണ്ട് വീട്ടിലെത്തിയാൽ അതിലെ കഥാപാത്രങ്ങളെ അനുകരിച്ച് ചില ആക്ഷൻ രംഗങ്ങൾ ഞങ്ങൾ അവതരിപ്പിക്കാറുണ്ട്.
ആദ്യകാലത്ത് വില്ലനായി പ്രത്യക്ഷപെട്ട
നീണ്ട് കൊലുന്നനെയുളള ആ മനുഷ്യന്റെ ആരാധകൻ ആയത് 1993-ൽ ‘ഉപ്പുകണ്ടം ബ്രദേർസ്’ എന്ന സിനിമ കണ്ടതിന് ശേഷമാണ്.
സിനിമയുടെ ഇടവേളക്ക് അടുപ്പിച്ച് ബാബു ആന്റണിയെ സ്ക്രീനിൽ കാണിച്ചപ്പോൾ കൂത്തുപറമ്പ് ഷൈല ടാക്കീസിൽ ഉയർന്ന കരഘോഷം ഇന്നും ചെവിയിൽ മുഴങ്ങുന്നുണ്ട്. എന്റെ തൊട്ടുത്ത സീറ്റിലിരുന്ന
അച്ഛൻ എന്നെ നോക്കി പറഞ്ഞു “ഇനി പേടിക്കേണ്ട ഓൻ വന്നു ഇനി എല്ലാരേം ശരിയാക്കി കൊളളും”.
തൊണ്ണൂറുകളിൽ മലയാള സിനിമയിൽ നിറഞ്ഞു നിന്നത് മമ്മൂട്ടി,മോഹൻ ലാൽ,സുരേഷ് ഗോപി എന്നിവരായിരുന്നു.
1993-മുതൽ യുവാക്കളുടെ ഹൃദയത്തിൽ ഒരു പുതിയ താരം കടന്നു കൂടിയിരിക്കുന്നു.
നീളൻ മുടിയുളള…മാർഷ്യൽ ആർട്സിൽ കറുത്ത ബെൽട്ടുളള…ആക്ഷനിൽ മലയാളികൾക്ക് പുതിയ ദൃശ്യാനുഭവം പകർന്നു തന്ന ബാബു ആന്റണി എന്റെയും അടുത്ത ആളായി മാറി.
ഞാൻ ആറാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് മരണമെന്ന ഇരുണ്ട ഗുഹാമുഖം അച്ഛനിലൂടെ അനുഭവവേദ്യമായത്.
ബാബു ആന്റണിയുടെ ആരാധകനാക്കി എന്നെ മാറ്റിയത് അച്ഛനായിരുന്നു.
ഞാനും ഏട്ടനും നൻമ ശ്രീജിത്തും,
കല്ലാരത്തെ നിശാന്തുമൊക്കെമുടി നീട്ടി വളർത്തി ബാബു ആന്റണിയോടുളള ഞങ്ങളുടെ ആരാധന പരസ്യമായി പ്രഖ്യാപിച്ചു.
മുതിയങ്ങ ശങ്കരവിലാസം സ്കൂളിൽ പഠിക്കുന്ന കാലത്ത് നൻമ ശ്രീജിത്തിന്റെ ഗ്യാങും ഫൈസലിന്റെ ഗ്യാങും തമ്മിൽ പലപ്പോഴും അടി ഉണ്ടാവാറുണ്ട്.
അടിയുണ്ടാവുന്ന പല ഘട്ടങ്ങളിലും കമ്പോളം സിനിമയിലെ ബാബു ആന്റണിയെ അനുകരിച്ച് കാലുയർത്തുകയും, മുടി പുറകിലേക്ക് കെട്ടി, ഊഫ് എന്ന ശബ്ദവും
പുറപെടുവിച്ച് എതിരാളികളുടെ മേൽ ഞങ്ങൾ മേൽകൈ നേടാറുണ്ട്.😃😃

1994-ൽ പുറത്തിറങ്ങിയ ‘രാജധാനി’ എന്ന സിനിമ പാട്യത്തെ ഫ്രണ്ട്സ് തിയേറ്ററിൽ വെച്ചാണ് കണ്ടത്.ആറാം ക്ലാസിലെ പരീക്ഷ കഴിഞ്ഞ ഉടനെയാണ് ഞങ്ങൾ രാജധാനി സിനിമ കാണാൻ പോയത്.എന്റെയും ഏട്ടന്റെയും മുന്നിലത്തെ സീറ്റിൽ നാട്ടിലുളള ചക്കര രവിയേട്ടൻ ഇരിക്കുന്നുണ്ട്.രവിയേട്ടൻ നെഞ്ചക്ക് ഉപയോഗിച്ച് നാട്ടിൽ കരാട്ടെ പരിശീലിക്കുന്ന ആളാണ്.സിനിമ തുടങ്ങി അര മണിക്കൂർ ആകുമ്പോഴേക്കും കുതിര പുറത്ത് തോക്കേന്തിയ നായകൻ ബാബു ആന്റണി സ്ക്രീനിൽ തെളിഞ്ഞ് വന്നു. ഞങ്ങളെ അമ്പരപ്പിച്ച്കൊണ്ട് മുന്നിലെ സീറ്റിലിരിക്കുന്ന ചക്കര രവിയേട്ടൻ ചാടി എഴുന്നേറ്റ് കരാട്ടെയിലെ ചില അഭ്യാസങ്ങൾ കാണിച്ചുകൊണ്ട് ബാബു ആന്റണിയുടെ എൻട്രി രാജകീയമാക്കി.കുറച്ച് നേരം ടാക്കിസിലെ ആൾക്കാരുടെ കണ്ണുകൾ രവിയേട്ടനിലായിരുന്നു.ഞങ്ങളെക്കാളും വലിയ ബാബു ആന്റണി ഫാൻ ആയിരുന്നു തെങ്ങുകയറ്റ തൊഴിലാളിയായ ചക്കര രവിയേട്ടൻ.
1995 മുതൽ ബാബു ആന്റണിയോടുളള ആരാധന മൂത്ത് സിനിമാ മാസികയായ നാനയും ചിത്രഭൂമിയും വാങ്ങാനുളള പൈസ വീട്ടിലെ അമ്മയുടെ ഡബ്ബയിൽ നിന്നും കാണാതെ എടുക്കാറുണ്ടായിരുന്നു.
സിനിമ മാസികയിൽ നിന്നും പത്രങ്ങളിൽ നിന്നും ബാബു ആന്റണിയുടെ ചിത്രങ്ങൾ വെട്ടിയെടുത്ത് വലിയ നോട്ടുബുക്കിൽ മനോഹരമായി ഒട്ടിച്ചു വെച്ച നാളുകൾ…!!
1995-ൽ പുറത്തിറങ്ങിയ സ്ട്രീറ്റ് സിനിമ കാണാൻ ഞാനും ഏട്ടനും തലശ്ശേരി ചിത്രവാണിയിൽ അതിരാവിലെ എത്തി.
മുടി നീട്ടി വളർത്തിയ നൂറ് കണക്കിന് ആൾക്കാർ തിയേറ്ററിന് പുറത്ത് നിറഞ്ഞിരുന്നു.രണ്ട് വർഷത്തിനിടയിൽ ഒരു നടന് ഇത്രയധികം ആരാധകർ..ഞങ്ങൾക്ക് രണ്ടുപേർക്കും കൂടി ഒരു ടിക്കറ്റ് മാത്രമെ കിട്ടിയുളളു.ആരാധകരെ നിയന്ത്രിക്കാൻ പോലീസിന് ലാത്തി വീശേണ്ടിവന്നു.
ചിത്രവാണി ടാക്കിസിന്റെ കിഴക്ക് ഭാഗത്തെ തെങ്ങുവഴി ഏട്ടൻ ടാക്കിസിന്റെ ഒന്നാം നിലയിൽ കയറിപറ്റി ഒരു ടിക്കറ്റ് കൂടി സംഘടിപ്പിച്ചു.
കടൽ,ഭരണകൂടം,നെപ്പോളിയൻ,
ബോക്സർ,ദാദ,ചന്ത എന്നീ സിനിമകൾ കാണാൻ ഞങ്ങളുടെ കൂടെ അമ്മയും ഉണ്ടായിരുന്നു.
പലപ്പോഴും തിയേറ്ററിലെ ഏകസ്ത്രീ പ്രതിനിധിയായി അമ്മയാണുണ്ടാവാറുളളത്.
ആദ്യകാലത്ത് നാട്ടിലെ കാവുകളിൽ സിനിമ നടൻമാരുടെ ഫോട്ടോ വെച്ചുളള ചട്ടികളി ഉണ്ടാവാറുണ്ട്.കാരാളകുന്നിലെ കശുവണ്ടി പെറുക്കി വിറ്റുകിട്ടിയ പൈസക്ക് ബാബു ആന്റണിയുടെ ഫോട്ടോ കിട്ടാൻ വേണ്ടി അമ്പത് പൈസ വെച്ച് ഞാനും ചട്ടി കളിച്ചു.മൂന്ന് രൂപ നഷ്പെട്ടെങ്കിലും നെപ്പോളിയൻ സിനിമയിലെ ബാബു ആന്റണിയുടെ സ്റ്റൈലൻ ഗെറ്റപ്പ് ഫോട്ടോ എനിക്ക് ലഭിച്ചു.
എന്റെ ഓലപുരയിലെ കോലായിലെ കട്ട ചുമരുകളിൽ വലതുഭാഗത്തായി ബാബു ആന്റണിയുടെ ഫോട്ടോ ഞങ്ങൾ പതിപ്പിച്ചു.
1997-ൽ ഏഷ്യാനെറ്റ് ചാനൽ ബാബു ആന്റണിയുടെ എല്ലാ സിനിമകളും പ്രദർശിപ്പിച്ചിരുന്നു.അത് കാണാൻ വേണ്ടി ഡിഷ് ആന്റിനയുളള പൈങ്ങോളിന്റവിട ലീല ഏച്ചിയുടെയും ഇടിയൻ മുന്നാട്ടന്റെ വീട്ടിലുമാണ് ഞങ്ങൾ സിനിമ കാണാൻ പോയിരുന്നത്.
പത്താം ക്ലാസുവരെ ഞാൻ മുടി നീട്ടി വളർത്തി ബാബു ആന്റണിയോടുളള ആരാധന നിലനിർത്തി.പക്ഷെ ഞങ്ങളെയൊക്കെ നിരാശപെടുത്തി പെട്ടെന്നൊരുനാൾ സിനിമാലോകത്ത്
നിന്ന് ആരോടും പറയാതെ അപ്രത്യക്ഷനായി കളഞ്ഞു മലയാള സിനിമയിലെ ബ്രൂസ് ലി..😢😢
പഠിക്കുന്ന കാലത്തെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന് ബാബു ആന്റണിയെ നേരിട്ട് കണ്ട് എന്റെ നോട്ട് പുസ്തകത്തിൽ ഒട്ടിച്ച അദ്ധേഹത്തിന്റെ ചിത്രങ്ങൾ കാണിച്ചുകൊടുക്കണം എന്നായിരുന്നു.
മറ്റൊരു ആഗ്രഹം സച്ചിൻ ടെണ്ടുൽക്കറെ കാണണമെന്നായിരുന്നു.സച്ചിന്റെ ചിത്രങ്ങൾ ഒട്ടിച്ച പുസ്തകവും സൂക്ഷിച്ച് വെച്ചിരുന്നു.
ഇതുവരെയും രണ്ട് പേരേയും കാണാൻ സാധിച്ചില്ല.പഴയ ആഗ്രഹം മനസ്സിലിപ്പോഴും കൊണ്ടുനടക്കുന്നുണ്ട്.
ഒമർ ലുലുവിന്റെ പവർ സ്റ്റാറും മിഥുൻ മാനുവലിന്റെ ആക്ഷൻ ത്രില്ലറിലും നായകനായി ബാബു ആന്റണി വരുന്നുണ്ടെന്ന റിപ്പോർട്ടുകളുണ്ട്.
ഞങ്ങളുടെ കുട്ടികാലത്തെ സിനിമാ ഓർമ്മകളിൽ നിറഞ്ഞു നിന്ന ബാബു ആന്റണി ഇന്നും ഹൃദയത്തിലുണ്ട്.
ബാബു ആന്റണിയുടെ ആരാധകനായ ചക്കര രവിയേട്ടൻ പിന്നീട് നെഞ്ചക് ഉപയോഗിച്ചതായി കണ്ടിട്ടില്ല…!!
കരാട്ടെയും അവസാനിപ്പിച്ചു…!!
പ്രിയപ്പെട്ട ബാബു ആന്റണി…,
താങ്കളുടെ സിനിമകൾ എന്നിലെ ഓർമ്മകളിൽ ചിതലെടുക്കാതെയുണ്ട്..❣️❣️

#ഷിനിത്ത്_പാട്യം

“Lucifer”
Loading...
Share.

About Author

Comments are closed.