പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന രാജീവ് രവി ചിത്രമാണ് തുറമുഖം. നിരവധി തവണ റിലീസ് മാറ്റിവച്ച ചിത്രം എന്ന് തീയറ്ററുകളിലെത്തുമെന്ന കാര്യത്തില്‍ വ്യക്തമല്ല. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച നിവിന്‍പോളി. ഫിനാന്‍ഷ്യല്‍ സെറ്റില്‍മെന്റുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടെന്നും ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന് അറിയില്ലെന്നുമാണ് നിവിന്‍ പോളി പറഞ്ഞത്. മഹാവീര്യര്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലാണ് നിവിന്‍ പോളിയുടെ പ്രതികരണം.
പ്രേക്ഷകരെ സംബന്ധിച്ച് സിനിമ തീയറ്ററില്‍ വരിക അല്ലെങ്കില്‍ ഏതെങ്കിലും പ്ലാറ്റ്ഫോമില്‍ വന്ന് കാണാന്‍ പറ്റുക എന്നത് തന്നെയാണ്. തന്റെ കാര്യത്തില്‍ ഏറ്റവും ഒടുവില്‍ വന്ന ചിത്രം മൂത്തോന് ആണ്. പിന്നെ ഇറങ്ങാന്‍ ഇരുന്നത് തുറമുഖമായിരുന്നു. തുറമുഖം പല കാരണങ്ങളാല്‍, നീണ്ടുപോയിക്കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. അത് ഇനി എന്ന് ഇറങ്ങുമെന്നുള്ള കാര്യത്തിനെ കുറിച്ച് തനിക്കറിയില്ലെന്നും നിവിന്‍ പോളി വിശദീകരിച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ പലതവണ റിലീസ് നീട്ടിവച്ച ചിത്രമാണ് തുറമുഖം. കൊച്ചിയില്‍ 1962 കാലഘട്ടം വരെ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. കെ എം ചിദംബരത്തിന്റെ നാടകത്തെ ആസ്പദമാക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മകന് ഗോപന് ചിദംബരമാണ്. എഡിറ്റിംഗ് ബി അജിത്കുമാറാണ് നിര്‍വഹിച്ചിരിക്കുന്നത്.