Saturday, February 16

തൃശൂർ ഗഡികളുടെ വികാരമായ രാഗം ഒക്ടോബർ 10ന് വീണ്ടുമെത്തുന്നു; ആദ്യചിത്രം കായംകുളം കൊച്ചുണ്ണി

Google+ Pinterest LinkedIn Tumblr +
“Priya”

‘മ്മ്‌ടെ രാഗം ഇല്ലാത്ത തൃശ്ശൂരിനെ കുറിച്ച് ആലോചിയ്ക്കാൻ വയ്യ’. തൃശ്ശൂരിന്റെ വികാരവും ജീവിതതാളവുമായ ജോർജേട്ടൻസ് രാഗം 2015ൽ പൂട്ടിയപ്പോൾ മുതൽ തൃശ്ശൂർക്കാർ വിഷമത്തോടെ പറഞ്ഞിരുന്ന വാക്കുകളാണിത്. ആ വിഷമം ഒക്കെ ഇനി മാറുകയാണ്. നവീന സാങ്കേതികവിദ്യകളും പുത്തൻ ചലച്ചിത്രാനുഭവവും തൃശ്ശൂർക്കാർക്ക് മാത്രമല്ല, അയൽ ജില്ലകളിലും ഉള്ളവർക്ക് സമ്മാനിക്കാൻ രാഗം വീണ്ടുമെത്തുന്നു. ഒക്ടോബർ 10ന് നിവിൻ പോളിയും ലാലേട്ടനും ഒന്നിച്ചഭിനയിച്ച ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണിയുമായിട്ടാണ് രാഗത്തിന്റെ ഗ്രാൻഡ് ഓപ്പണിങ്. ഈ ചിത്രം സ്‌ക്രീനിൽ തെളിയുന്നതോടെ പുതിയ യുഗത്തിലേക്ക് രാഗം തിയേറ്റർ ഉണർന്നെഴുന്നേക്കുകയാണ് കൂടുതൽ തലയെടുപ്പോടെ. ഇപ്പോൾ പുതുക്കി പണിത ഈ തിയേറ്ററിൽ 880 പുഷ് ബാക് സൗകര്യം ഉള്ള സീറ്റുകൾ ആണുള്ളത്. അതുപോലെ തന്നെ ഫോർ കെ പ്രോജെക്ഷൻ, ഡോൾബി അറ്റമോസ് സൗണ്ട് തുടങ്ങിയ ആധുനിക സംവിധാനങ്ങളും സൗജന്യ പാർക്കിങ് സൗകര്യവും അതുപോലെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൗകര്യവും പുതിയ രാഗത്തിൽ ലഭ്യമാണ്. ഉൽഘാടന ദിവസത്തെ വരുമാനത്തിന്റെ ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാൻ ആണ് രാഗം മാനേജ്‌മെന്റ് തീരുമാനിച്ചിരിക്കുന്നത്. 1974 ആഗസ്ത് 24 നാണ് രാഗത്തില്‍ ആദ്യ സിനിമ പ്രദര്‍ശനം നടന്നത്. രാമു കാര്യാട്ടിന്റെ “നെല്ല് ആയിരുന്നു ആ ചിത്രം. പ്രമുഖ ബിസിനസ്സ് ഗ്രൂപ്പ് ആയ ജിയോ ഗ്രൂപ്പും സൂര്യ ഫിലിംസും ചേർന്നാണ് രാഗം നവീകരിച്ചത്.

പഴയ രാഗത്തിൽനിന്ന് അടിമുടി മാറി, ആധുനിക ശബ്ദ, വെളിച്ച, ഇരിപ്പിട സംവിധാനങ്ങളോടെയാണ് വീണ്ടും പ്രദർശനത്തിന് അണിഞ്ഞൊരുങ്ങത്. 4K യും ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റവുമായിട്ടാണ് രാഗത്തിന്റെ തിരിച്ചുവരവ്. 4230‐4 കെ പ്രൊജക്ടർ ഉപയോഗിച്ച് സിനിമ പ്രദർശിപ്പിക്കുന്ന കേരളത്തിലെ ആദ്യ തിയറ്ററാകും രാഗം. സിനിമയിലെ ദൃശ്യങ്ങൾക്ക് കൂടുതൽ മികവും കൃത്യതയും നൽകുന്ന ഈ സംവിധാനം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതാണ്. അത്യാധുനിക ക്യാമറകളിൽ പകർത്തിയ വിദേശസിനിമകളുടെ കാഴ്ചകളെല്ലാം നേരിൽകാണുന്നതുപോലെ അനുഭവപ്പെടും. നവീന ശബ്ദ‐ ദൃശ്യ സംവിധാനങ്ങൾ അതേപടി ഒപ്പിയെടുത്ത് ജനങ്ങളിലേക്ക് പകർന്നു നൽകാൻ ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത വമ്പൻ സ്ക്രീനും തിയറ്ററിൽ സ്ഥാപിച്ചിട്ടുണ്ട്. വീതികൂട്ടി മൃദുലമായ പ്രതലത്തോടെ സീറ്റുകൾ ഒരുക്കിയതിനാൽ, നേരത്തേ രാഗത്തിലുണ്ടായിരുന്ന 1218 സീറ്റുകൾ എന്നത് 800 സീറ്റുകളായി ചുരുക്കേണ്ടിവന്നു. ഫസ്റ്റ് ക്ലാസ്, ബാൽക്കണി, അപ്പർ ബോക്സ് എന്നീ വിഭാഗങ്ങളിലായി സീറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്. ബോക്സിൽ 20 ഉം ബാൽക്കണിയിൽ 200ഉം ബാക്കി സീറ്റുകൾ ഫസ്റ്റ് ക്ലാസിലുമാണ് ഒരുക്കിയിട്ടുള്ളത്.

“Peranpu”
Share.

About Author

Leave A Reply