വിനയ് ഫോർട്ട്, ചെമ്പൻ വിനോദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന ചിത്രത്തിന്റെ റീമേക്കിലൂടെ സംവിധായകൻ ജിജു അശോകൻ തമിഴിൽ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. തിരക്കഥയും അദ്ദേഹം തന്നെയാണ് ഒരുക്കുന്നത്. തിരക്കഥ പൂർത്തിയായെന്നും തമിഴ് പ്രേക്ഷകർക്ക് ഉതകുന്ന വിധത്തിൽ സംഭാഷണങ്ങൾ ഒരുക്കുകയാണ് ഇനി വേണ്ടതെന്നാണ് സംവിധായകൻ വ്യക്തമാക്കുന്നത്. നിർമാതാക്കളെ കണ്ടെത്തിക്കഴിഞ്ഞു. കാസ്റ്റിംഗ് ഡീറ്റെയിൽസ് ഉടൻ പുറത്തു വിടും. ചിത്രീകരണം ഉടൻ ആരംഭിക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ജിജു അശോകൻ വ്യക്തമാക്കി.
ഒരു കൊലയാളിയെ പിടിക്കുവാൻ ഒരു കൂട്ടം കള്ളന്മാർ ഒരുക്കുന്ന കെണിയാണ് ചിത്രത്തിന്റെ പ്രമേയം. തമിഴ് സംസ്കാരത്തിലെ പല ഘടകങ്ങളോടും ചേർന്ന് നിൽക്കുന്ന ആശയമാണ് ചിത്രത്തിന്റേതെന്നും തമിഴ് ഓഡിയൻസിന് അവരുടെ ജീവിതത്തോട് ഈ സിനിമയെ ബന്ധപ്പെടുത്തുവാനും സാധിക്കുമെന്ന് ജിജു അശോകൻ പറഞ്ഞു. ആന്റണി വർഗീസിനെയും ചെമ്പൻ വിനോദിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരു ചിത്രം ജിജു അശോകൻ അന്നൗൻസ് ചെയ്തിരുന്നു. അടുത്ത ആഴ്ചയോട് കൂടി അതിന്റെ ഡേറ്റ് തീരുമാനിക്കുവാൻ സാധിക്കുമെന്നും സംവിധായകൻ വെളിപ്പെടുത്തി.