Sunday, February 28

പ്രേക്ഷകർക്ക് ഒരുക്കിയ ഒരു അടിപൊളി കല്യാണം | വരനെ ആവശ്യമുണ്ട് റിവ്യൂ

Pinterest LinkedIn Tumblr +

വരനെ ആവശ്യമുണ്ട്… ഇങ്ങനെ ഒരു പരസ്യം കാണാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല എന്നതാണ് സത്യം. ആ പേരിൽ ഒരു സിനിമ കൂടി എത്തുമ്പോൾ അത് തീർച്ചയായും പ്രേക്ഷകരോട് ഏറെ ചേർന്ന് നിൽക്കുന്ന ഒന്നായിരിക്കുമെന്ന് നിസംശയം പറയാം. എന്തായാലും ആ പ്രതീക്ഷ ഒട്ടും തെറ്റിയിട്ടില്ല. പ്രേക്ഷകന്റെ മനസ്സറിഞ്ഞ ചിത്രം തന്നെയാണ് വരനെ ആവശ്യമുണ്ട്. നിരവധി കാരണങ്ങളാണ് ഈ ഒരു ചിത്രത്തിലേക്ക് പ്രേക്ഷകരെ അടുപ്പിച്ചിരിക്കുന്നത്. അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് മലയാളികളുടെ ഏറെ പ്രിയപ്പെട്ടവരായ സുരേഷ് ഗോപിയുടെയും ശോഭനയുടെയും അഭിനയ രംഗത്തേക്കുള്ള തിരിച്ചു വരവാണ്. കൂടാതെ ഒരു ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരികെ എത്തുന്ന ദുൽഖർ സൽമാൻ, അദ്ദേഹത്തിന്റെ തന്നെ ആദ്യ നിർമാണ സംരംഭം, ഇന്ത്യൻ സിനിമ ലോകത്തെ തന്നെ മുൻനിര സംവിധായകരിൽ ഒരാളായ പ്രിയദർശന്റെ മകൾ കല്യാണിയുടെ മലയാളത്തിലേക്കുള്ള നായികയായിട്ടുള്ള അരങ്ങേറ്റം തുടങ്ങിയവയും പ്രേക്ഷകനെ കാത്തിരിക്കുവാൻ പ്രേരിപ്പിച്ച ഘടകങ്ങളാണ്. അതിനെല്ലാം ഉപരി മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ ആദ്യമായി തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രമെന്ന സവിശേഷത കൂടി ഈ വരനെ തേടിയുള്ള യാത്രയിലുണ്ട്. അച്ഛന്റെ അതേ പാതയിൽ സാധാരണക്കാരന്റെ മനസ്സറിയുന്ന, അവരോട് ചേർന്ന് നിൽക്കുന്ന ഒരു കഥയും അവതരണവും തന്നെയാണ് ആദ്യ ചിത്രത്തിൽ അനൂപ് സത്യൻ ഒരുക്കിയിരിക്കുന്നത്.

ചെന്നൈയിലെ ഒരു അപ്പാർട്ട്മെന്റ് കോംപ്ലെക്സിലെ കുറച്ചു കഥാപാത്രങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. അവിടെ താമസമാക്കിയ നീന ഒരു സിംഗിൾ മദറും ഫ്രഞ്ച് അധ്യാപികയും കൂടിയാണ്. നീനയുടെ മകളാണ് നിക്കി എന്ന് വിളിക്കുന്ന നിഖിത. അറേഞ്ചഡ് വിവാഹത്തിനോട് മാത്രമേ നിഖിതക്ക് താല്പര്യമുള്ളൂ. അവരുടെ ഇടയിലേക്കാണ് ഇനിയും സർജിക്കൽ സ്‌ട്രൈക്കിന് ബാല്യം ബാക്കിയുണ്ടെന്ന് സ്വയം വിശ്വസിക്കുന്ന മേജർ ഉണ്ണികൃഷ്ണന്റെ വരവ്. പക്ഷേ ഒരു വിവാഹ ചടങ്ങിനെത്തിയാൽ പോലും മുട്ടിടിക്കുന്ന ആള് കൂടിയാണ് മേജർ. അതോടൊപ്പം തന്നെ ഫ്രോഡ് എന്ന വിളിപ്പേരുള്ള ഒരു യുവാവും അവിടെ താമസക്കാരനാകുന്നു. ഇവരുടെ ജീവിതത്തിൽ നടക്കുന്ന കൊച്ചു കൊച്ചു സംഭവങ്ങൾ രസകരമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്.

തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയ സുരേഷ് ഗോപിയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കോമഡിയും പ്രണയവും അല്പം സൈക്കോയും എല്ലാമായി സുരേഷ് ഗോപി തന്റെ കേണൽ കഥാപാത്രത്തെ അവിസ്മരണീയമാക്കി. അതോടൊപ്പം തന്നെ മാസ്മരികമായ ഒരു തിരിച്ചു വരവാണ് ശോഭനയും നടത്തിയിരിക്കുന്നത്. ആ മൊഞ്ചൊന്നും പൊയ്പോകില്ല എന്നത് വീണ്ടും തെളിയിച്ചിരിക്കുകയാണ് ശോഭന. കൂടാതെ ക്യൂട്ട് പ്രകടനവുമായി കല്യാണി പ്രിയദർശനും തിളങ്ങി നിന്നു. ദുൽഖർ സൽമാന് സ്‌ക്രീൻ സ്‌പേസ് കുറവായിരുന്നെങ്കിലും തന്റെ റോൾ മനോഹരമാക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കെ പി ഏ സി ലളിത, ഉർവശി, ജോണി ആന്റണി, രാഹുൽ രാജശേഖരൻ, ലാലു അലക്‌സ്, മേജർ രവി തുടങ്ങിയവരും കൈയ്യടി നേടുന്ന പ്രകടനം തന്നെയാണ് നടത്തിയത്.

സത്യൻ അന്തിക്കാട് ചിത്രങ്ങളിലേത് പോലെ സാധാരണ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങൾ തന്നെയാണ് അനൂപ് സത്യനും ഒരുക്കിയിരിക്കുന്നത്. എല്ലാവർക്കും കൈയ്യടി കിട്ടുവാൻ തക്ക മികച്ചൊരു തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ കാതൽ. മുകേഷ് മുരളീധരൻ ഒരുക്കിയ മനോഹരമായ ഫ്രെയിമുകൾക്കൊപ്പം അൽഫോൻസ് ജോസഫിന്റെ മനോഹരമായ സംഗീതവും കൂടിയായപ്പോൾ പ്രേക്ഷകർക്ക് മികച്ചൊരു കുടുംബവിരുന്നായി തീർന്നിരിക്കുകയാണ് ചിത്രം. ടോബി ജോണിന്റെ എഡിറ്റിംഗും ആസ്വാദനം മനോഹരമാക്കി. പ്രേക്ഷകർക്ക് തീർച്ചയായും കുടുംബസമേതം തീയറ്ററിൽ പോയിരുന്ന് എല്ലാം മറന്ന് ചിരിച്ചാസ്വദിക്കുവാൻ കഴിയുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.