ധ്രുവ് വിക്രം നായകനാകുന്ന ‘ആദിത്യവര്മ’യുടെ പ്രമോഷനു വേണ്ടി കേരളത്തിലെത്തിയ വിക്രം താൻ മാത്രമല്ല തന്റെ ഭാര്യയും മോഹൻലാലിന്റെ ഒരു കടുത്ത ആരാധിക ആണെന്ന് തുറന്നു പറയുകയാണ്. ലാലേട്ടൻ ആരാധകർ ഉണ്ടാക്കുന്ന ശബ്ദത്തേക്കാൾ വലിയ ശബ്ദമാണ് തന്റെ ഭാര്യ ലാലേട്ടൻ എന്ന പേര് കേൾക്കുമ്പോൾ ഉണ്ടാകുന്നതെന്നും താൻ ഏതു ചിത്രത്തിൽ അഭിനയിച്ചാലും ലാലേട്ടന്റെ അത്രയും ആയിട്ടില്ല എന്ന് തന്റെ ഭാര്യ പറയുമെന്നും വിക്രം പറയുന്നു. വിക്രം വളരെ മനോഹരമായി ചെയ്ത ഒരു ചിത്രമായിരുന്നു അന്യൻ. എന്നാൽ അത് ലാലേട്ടൻ ചെയ്താൽ വേറെ ലെവൽ ആയിരിക്കും എന്നാണ് ഭാര്യ പറയുന്നത്. വെള്ളിയാഴ്ച റിലീസാകുന്ന ആദിത്യവർമ എന്ന സിനിമയുടെ പ്രചാരണത്തിന് തിരുവനന്തപുരത്തെത്തിയതായിരുന്നു താരം. വിക്രത്തിനോടൊപ്പം മകൻ ധ്രുവും സിനിമയിലെ നായിക പ്രിയാ ആനന്ദും ഉണ്ടായിരുന്നു.
ധ്രുവ് നായകനായി അരങ്ങേറ്റം കുറിക്കുന്ന ‘ആദിത്യവർമ’ 8 ന് തിയറ്ററുകളിലെത്തുമ്പോൾ മകനെ പണ്ട് സ്കൂളിൽ പ്രഛന്ന വേഷ മത്സരങ്ങൾക്കു കൊണ്ടുപോകുന്നതു പോലെയുള്ള ആകാംക്ഷയും ആശങ്കയുമാണ് അനുഭവിക്കുന്നതെന്നും പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദി പ്രസി’ൽ വിക്രം പറഞ്ഞു. തന്റെ മകന്റെ ആദ്യ പ്രസ് മീറ്റ് ആണിതെന്നും അവൻ കേരളത്തിലേക്ക് എത്തുമ്പോൾ ഒപ്പം താരം ഉണ്ടാകണമെന്ന് അവന് നിർബന്ധമായിരുന്നു എന്നും വിക്രം പറയുന്നുണ്ട്. വിക്രത്തിന് ഏറെ സ്നേഹം തന്ന നാടാണ് കേരളമെന്നും ആ സ്നേഹം മകനോടൊപ്പവും ഉണ്ടാകണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. സിനിമയുടെ മുഴുവൻ സമയവും കൂടെയുണ്ടായിരുന്ന അച്ഛനാണ് സിനിമയിലും ജീവിതത്തിലും വിക്രമിന്റെ സൂപ്പർ ഹീറോ എങ്കിലും മലയാളത്തിൽ പ്രിയ ഹീറോ ദുൽഖർ സൽമാനാണ്. നല്ലൊരു നടനാവണോ അതോ സൂപ്പർ താരമാവണോ എന്നു ചോദിച്ചാൽ അച്ഛനെപ്പോലെ ആയാൽ മതിയെന്നാണു ധ്രുവിന്റെ പ്രതികരണം.