Tuesday, June 18

കട്ട മാസ്സിൽ ഒരു കിടിലൻ കുടുംബചിത്രം | വിശ്വാസം റിവ്യൂ വായിക്കാം

Google+ Pinterest LinkedIn Tumblr +
“Lucifer”

വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങൾക്ക് ശേഷം അജിത്തും ശിവയും ഒന്നിക്കുന്ന ചിത്രമാണ് വിശ്വാസം. വിവേകത്തിന്റെ റിസൾട്ട് പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നത് കൊണ്ട് തന്നെ ഈ കൂട്ടുകെട്ടിൽ ആരാധകർക്കും ചെറുതല്ലാത്തൊരു ഒരു വിശ്വാസക്കുറവ് ഉണ്ടായിരുന്നു. എന്നാൽ ആ വിശ്വാസക്കുറവിനെ അപ്പാടെ തുടച്ചു നീക്കുന്ന മാസും ഫാമിലി എലമെന്റ്സും നിറഞ്ഞ ഒരു പക്കാ എന്റർടൈനറാണ് ഇരുവരും ചേർന്ന് സമ്മാനിച്ചിരിക്കുന്നത്. ഒപ്പം മാതാപിതാക്കൾക്കും കുട്ടികൾക്കും മികച്ചൊരു സന്ദേശവും. ഈ കൂട്ടുകെട്ടിൽ നിന്നും ഇനിയും ചിത്രങ്ങൾ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിനുള്ള എല്ലാ ചേരുവകളും അതിന്റെ കിറുകൃത്യം അളവിൽ ചേർത്താണ് ശിവ വിശ്വാസം ഒരുക്കിയിരിക്കുന്നത്.

Viswasam Movie Review

Viswasam Movie Review

നാടിന്റെയും നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രിയങ്കരനായ തൂക്കുദുരൈയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായാണ് നിരഞ്ജന എന്ന ഡോക്ടർ കടന്ന് വരുന്നത്. സ്വഭാവം കൊണ്ടും വിദ്യാഭാസം കൊണ്ടും രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന ഇരുവരും പരസ്പരം ഇഷ്ടപ്പെട്ട് വിവാഹിതരാകുന്നു. എങ്കിലും പിന്നീട് വേർപിരിയേണ്ടി വരുന്നു. പത്ത് വർഷങ്ങൾക്ക് ശേഷം വീട്ടുകാരുടെ നിർബന്ധപ്രകാരം ഭാര്യയേയും മകളെയും കാണാൻ ദുരൈ മുംബൈക്ക് പോകുന്നു. പക്ഷേ അവിടെ ദുരൈയെ കാത്തിരുന്നത് മറ്റ് പലതുമാണ്. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പക്കാ ഫാമിലി ട്രാക്കിൽ പോകുന്ന ആദ്യ പകുതി ഗംഭീരമായ ഒരു ഇന്റർവെൽ പഞ്ചോട് കൂടി മറ്റൊരു തലത്തിലേക്ക് മാറുകയാണ്. രണ്ടാം പകുതി മാസും ഫാമിലി എലമെന്റ്സുമായി വേറൊരു പാതയിലാണ് സഞ്ചരിക്കുന്നത്. കുടുംബബന്ധങ്ങളുടെ ആഴങ്ങളിലേക്ക് ചെല്ലുമ്പോൾ പ്രേക്ഷകന്റെ കണ്ണ് നിറയുകയും ചെയ്യുന്നുണ്ട് എന്നതാണ് യാഥാർഥ്യം.

Viswasam Movie Review

Viswasam Movie Review

രണ്ട് ഗെറ്റപ്പിൽ വരുമ്പോൾ രണ്ടു തരത്തിൽ ഉള്ള സ്വഭാവ സവിശേഷതകൾ വെച്ചു പുലർത്തുന്ന ദുരൈ എന്ന കഥാപാത്രത്തെ വളരെ മനോഹരമായി തന്നെയാണ് അജിത്ത് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യപകുതിയിൽ സ്വന്തം നിയമങ്ങൾ കൊണ്ട് അടിച്ചു പൊളിച്ചു നടക്കുന്ന ദുരൈ രണ്ടാം പകുതിയിൽ ഒരു അച്ഛന്റെ ഉത്തരവാദിത്വത്തിലേക്ക് കടക്കുമ്പോൾ മറ്റൊരു വ്യക്തിയായി മാറുകയാണ്. അതോടൊപ്പം തന്നെ നയൻതാരക്കൊപ്പം മികച്ചൊരു കെമിസ്ട്രി ചിത്രത്തിൽ ഉടനീളം പുലർത്താനും അദ്ദേഹത്തിനായിട്ടുണ്ട്. സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ കാണുന്നത് പോലെ നായിക പേരിനൊരു കഥാപാത്രം മാത്രമായി തീരുന്നില്ല എന്നൊരു സവിശേഷത വിശ്വാസത്തിനുണ്ട്. ശക്തമായൊരു വേഷം തന്നെയാണ് നിരഞ്ജനയായി നയൻതാര കൈകാര്യം ചെയ്തിരിക്കുന്നത്. അനിഖ സുരേന്ദ്രനും ജഗപതി ബാബുവും വിവേകുമെല്ലാം അവരുടെ വേഷങ്ങൾ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. വെറുതെ വന്ന് പോകുന്ന കഥാപാത്രങ്ങൾ ഇല്ലായെന്നത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

Viswasam Movie Review

Viswasam Movie Review

പ്രമേയത്തിൽ പറയത്തക്ക പുതുമകൾ ഒന്നും തന്നെ അവകാശപ്പെടാൻ ഇല്ലെന്നാകിലും പ്രേക്ഷകന്റെ ക്ഷമയെ വിശ്വാസം തെല്ലും പരീക്ഷിക്കുന്നില്ല. പ്രേക്ഷകൻ മുഴുവൻ സമയവും സിനിമയിൽ തന്നെയാണ്. ശിവ, മണികണ്ഠൻ, സവാരി, ഭാഗ്യരാജ്, ചന്ദ്രൻ എന്നിവർ ചേർന്നൊരുക്കിയ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. വെട്രിയുടെ ക്യാമറയും ഡി ഇമ്മന്റെ ഗാനങ്ങളും കൂടിയായപ്പോൾ ആസ്വാദനം മധുരതരമായി. റൂബന്റെ എഡിറ്റിംഗ് കൂടിയായപ്പോൾ വിശ്വാസം സമ്പൂർണ്ണമായി. കുടുംബപ്രേക്ഷകർക്കും യുവാക്കൾക്കും ഒരേപോലെ ആസ്വദിക്കുവാൻ കഴിയുന്ന ചിത്രം വലിയൊരു സന്ദേശം കൂടി സമ്മാനിക്കുന്നുണ്ട്. ഈ പൊങ്കൽ ആഘോഷങ്ങളിൽ മടിക്കാതെ ടിക്കറ്റ് എടുക്കാവുന്ന ചിത്രം തന്നെയാണ് വിശ്വാസം.

“Lucifer”
Share.

About Author

Comments are closed.