Categories: GeneralUncategorized

അനശ്വര നടൻ ജയന് ഇന്ന് എഴുപത്തിയൊമ്പതാം പിറന്നാൾ, ഓർമകളിൽ മരിക്കാതെ മലയാളത്തിലെ ആദ്യ ആക്ഷൻ ഹീറോ

ജയൻ… ആ പേര് കേൾക്കുമ്പോൾ മലയാളികൾക്ക് ഉള്ളിൽ ഒരു ആവേശവും അതോടൊപ്പം തന്നെ ഒരു സങ്കടവും നിറയും. മലയാളത്തിലെ ആദ്യത്തെ ആക്ഷൻ ഹീറോയായ ജയൻ എന്ന കൃഷ്ണൻ നായരുടെ എഴുപത്തിയൊമ്പതാം ജന്മദിനമാണ് ഇന്ന്. മലയാള സിനിമക്ക് തന്നെ വമ്പൻ ഒരു മാറ്റം ചുരുങ്ങിയ സമയം കൊണ്ട് നേടിക്കൊടുത്ത് അപ്രതീക്ഷിതമായി കാലയവനികക്കുള്ളിൽ മറഞ്ഞ ആ അനശ്വരനടൻ ഇന്നും മലയാളികളുടെ മനസ്സിൽ മരിക്കാതെ ജീവിക്കുന്നു. മലയാളികൾ ഇത്ര താരാരാധനയോടെ നോക്കിക്കണ്ട മറ്റൊരു അഭിനേതാവ് അന്നത്തെ കാലത്ത് ഉണ്ടായിരുന്നില്ല. അന്ന് മരണം ഒരു ഹെലികോപ്റ്റർ അപകടത്തിന്റെ രൂപത്തിൽ വന്ന് ആ ജീവൻ അപഹരിച്ചിരുന്നില്ലെങ്കിൽ ഇന്ന് മലയാള സിനിമയുടെ മുടിചൂടാമന്നനായി വിലസിയിരുന്നേനെ ജയൻ.

Jayan

1939 ജൂലൈ 25ന് കൊല്ലം ജില്ലയിൽ തേവള്ളി എന്ന സ്ഥലത്താണ് ജയൻ ജനിച്ചത്. തിരുവിതാംകൂർ രാജവംശത്തിന്റെ കൊല്ലം ശാഖയായ തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരനായിരുന്നു ജയന്റെ പിതാവ് മാധവവിലാസം വീട്ടിൽ മാധവൻപിള്ള. സത്രം മാധവൻപിള്ള എന്നും കൊട്ടാരക്കര മാധവൻപിള്ള എന്നും ജയന്റെ പിതാവ് അറിയപ്പെട്ടിരുന്നു. മാതാവ് ഓലയിൽ ഭാരതിയമ്മ. സോമൻ നായർ എന്ന അനുജനും അദ്ദേഹത്തിനുണ്ടായിരുന്നു. വീടിനടുത്തുണ്ടായിരുന്ന മലയാളി മന്ദിരം സ്കൂളിലാണ് ജയൻ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ജയൻ ഒരു ഗവൺമെന്റ് ബോയ്സ് സ്കൂളിലാണ് പഠിച്ചത്. പഠനത്തിലും കലാകായികരംഗത്തും മിടുമിടുക്കനായിരുനു ജയൻ. ചെറുപ്പത്തിലേ ജയൻ നന്നായി പാടുമായിരുന്നു. സ്കൂളിലെ എൻ.സി.സിയിൽ ബെസ്റ്റ് കേഡറ്റായി തിരഞ്ഞെടുക്കപ്പെട്ട ജയന് അതുവഴി നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു.പതിനഞ്ച് വർഷം ജയൻ ഇന്ത്യൻ നേവിയിൽ സേവനമനുഷ്ടിച്ചിരുന്നു.ഇന്ത്യൻ നേവിയിൽ നിന്ന് രാജിവെക്കുമ്പോൾ ജയൻ ചീഫ് പെറ്റി ഓഫീസർ പദവിയിൽ എത്തിയിരുന്നു.പതിനഞ്ച് വർഷത്തെ നാവികജീവിതം ജയന് ജീവിതാനുഭവങ്ങളുടെ ബൃഹത്തായ ഒരു പുസ്തകമായിരുന്നു.

Jayan

1974-ൽ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ചെറിയ വേഷങ്ങൾ ജയന് ലഭിച്ചുതുടങ്ങി. ഇവയിൽ പലതും വില്ലൻവേഷങ്ങളായിരുന്നു. ജയഭാരതിയാണ് ജയനെ ചലച്ചിത്രരംഗത്തു പരിചയപ്പെടുത്തുന്നത്. ജയന്റെ അമ്മാവന്റെ മകളായിരുന്നു ജയഭാരതി. പിന്നെ അവസരങ്ങൾ ജയനെ തേടി എത്തുകയായിരുന്നു. അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട് കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാൻ ജയനു കഴിഞ്ഞു. മിന്നിമറയുന്നത് ഒരു സീനിലാണെങ്കിൽ പോലും ജയന്റെ കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി. ഭാവാഭിനയത്തിൽ മികവു പുലർത്തിയിതോടൊപ്പം ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തിൽ സംക്രമിപ്പിച്ച് ജയൻ അവതരിപ്പിച്ച സ്റ്റൈലൈസ്ഡ് ആക്ടിംഗ് പ്രേക്ഷകർ ആവേശപൂർവ്വം നെഞ്ചിലേറ്റി. സംഭാഷണത്തിൽ വളരെയധികം സ്വാഭാവികതയുണ്ടായിരുന്ന ജയന്റെ ശബ്ദം അതുവരെ മലയാള സിനിമയിലെ നായകൻമാർക്കില്ലാതിരുന്ന തരത്തിൽ ഗാംഭീര്യമുള്ളതായിരുന്നു. ജയന്റെ മനസ്സിലെ സാഹസികതയോടുള്ള പ്രണയം തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞ സംവിധായകർ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും തിരുത്തിയെഴുതി. സിംഹത്തോടും കാട്ടാനയോടും ഏറ്റുമുട്ടാനോ ക്രെയിനിൽ തൂങ്ങി ഉയരങ്ങളിലേക്ക് പൊങ്ങിപ്പോകാനോ കൂറ്റൻ ഗ്ലാസ് ഡോറുകൾ തകർത്തു മുന്നേറാനോ വലിയ കെട്ടിടത്തിൽ നിന്നു താഴേക്ക് ചാടാനോ ജയന് ഒട്ടും ഭയമുണ്ടായിരുന്നില്ല. തനിക്കു ലഭിക്കുന്ന കയ്യടികൾ തൻറെ അദ്ധ്വാനത്തിനു കിട്ടുന്ന പ്രതിഫലമായിരിക്കണമെന്ന് അദ്ദേഹം ആത്മാർ‌ത്ഥമായി ആഗ്രഹിച്ചു. ജയന്റ അസാധ്യമായ പ്രകടനങ്ങൾക്കൊപ്പം നിഴലുപോലെ സഞ്ചരിച്ചിരുന്ന മരണം ഒടുവിൽ ജയനെ കീഴ്‌പെടുത്തി. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജയനെ ജയിച്ചെന്നു കരുതുന്ന മരണത്തെ ആരാധക ഹൃദയങ്ങളിലെ കെടാത്ത സാന്നിധ്യമായി നിന്ന് ജയൻ തോല്പിച്ചുകൊണ്ടേയിരിക്കുന്നു. ജീവിതാഭിനയത്തിന് വളരെ ചെറുപ്പത്തിൽ തന്നെ അപകടം തിരശ്ശീല വീഴ്ത്തിയെങ്കിലും പൗരുഷത്തിന്റെയും സാഹസികതയുടെയും പ്രതീകമായി ഇന്നും ജനമനസ്സുകളിൽ സ്ഥാനം ലഭിക്കുന്നു എന്നത് ഇന്ത്യൻ സിനിമയിൽ ജയനു മാത്രം സാധ്യമായ അപൂർവ്വതയാണ്. ചെറിയ വില്ലൻവേഷങ്ങളിൽ നിന്നു പ്രധാന വില്ലൻവേഷങ്ങളിലേക്കും ഉപനായകവേഷങ്ങളിലേക്കും അവിടെ നിന്ന് നായക വേഷങ്ങളിലേക്കുമുള്ള ജയന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ഹരിഹരൻ സംവിധാനം ചെയ്ത ശരപഞ്ജരമാണ് അദ്ദേഹത്തിനു നായകപദവി നൽകിയ ആദ്യവേഷം. 1974 മുതൽ ’80 വരെ കേവലം ആറ് വർഷങ്ങൾകൊണ്ട് “പൂട്ടാത്ത പൂട്ടുകൾ” എന്ന തമിഴ്ചിത്രമുൾപ്പെടെ നൂറ്റിപതിനാറ് ചിത്രങ്ങളിൽ ജയൻ വേഷമിട്ടു. ശാപമോക്ഷം മുതൽ കോളിളക്കം വരെ ജയന്റെ മുദ്ര പതിഞ്ഞ 90 ശതമാനം ചിത്രങ്ങളും ഹിറ്റുകളും സൂപ്പർഹിറ്റുകളും ആയിരുന്നു. ജയനെ ജനകീയ നടനാക്കിത്തീർത്തത് അങ്ങാടി ആയിരുന്നു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഐ.വി ശശി സംവിധാനം ചെയ്ത ഈ ചിത്രം മുൻകാല കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു. അങ്ങാടിയിലെ ഒരു അഭ്യസ്തവിദ്യനായ ചുമട്ടുതൊഴിലാളിയുടെ വേഷത്തിൽ ജയൻ ഗർജ്ജിക്കുമ്പോൾ ആ സ്വരഗാംഭീര്യത്തിൽ കോരിത്തരിച്ച് ആംഗ്ലേയഭാഷ വശമില്ലാത്തവർ പോലും കയ്യടിച്ചു. സാഹസികത നിറഞ്ഞ അഭിനയമുഹൂർത്തങ്ങളോട് ജയന് വലിയ താൽപര്യമായിരുന്നു. കഠിനമായ പരിശ്രമത്തിലൂടെയാണ് മലയാളത്തിൽ സ്വന്തമായൊരു സിംഹാസനം ജയൻ തീർത്തത്. മറ്റ് നായകനടന്മാർക്കുവേണ്ടി ഡ്യൂപ്പുകൾ അടികൂടുമ്പോൾ ജയൻ അത് സ്വന്തമായി ചെയ്യുകയായിരുന്നു. അതിരുകടന്ന സാഹസികതതന്നെയാണ് ഒടുവിൽ ജയന്റെ ജീവനെടുത്തത്.

Jayan

കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തിനിടയിലുണ്ടായ ഒരു ഹെലിക്കോപ്റ്റർ അപകടത്തിലാണ് 1980 നവംബർ 16-ന് ജയൻ അകാലമൃത്യുവടഞ്ഞത്. 41 വയസ്സേ അദ്ദേഹത്തിന് അപ്പോൾ ഉണ്ടായിരുന്നുള്ളൂ. തമിഴ്നാട്ടിലെ ചെന്നൈക്കടുത്തുള്ള ഷോളാവാരത്ത് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്. സംവിധായകൻ ഈ രംഗത്തിന്റെ ആദ്യ ഷൂട്ടിൽ സംതൃപ്തനായിരുന്നു എന്നു പറയപ്പെടുന്നു. ഈ രംഗത്തിന്റെ മൂന്നു ഷോട്ടുകൾ എടുത്തിരുന്നു. എന്നാൽ തന്റെ പ്രകടനത്തിൽ അസംതൃപ്തനായിരുന്ന ജയനായിരുന്നു മറ്റൊരു ഷോട്ട് എടുക്കാൻ സംവിധായകനെ നിർബന്ധിച്ചത് എന്ന് കോളിളക്കത്തിന്റെ നിർമാതാവ് പറയുന്നു. റീടേക്കിൽ ഹെലിക്കോപ്റ്റർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago